ദേശീയ സമ്മതിദായക ദിനാഘോഷം ഇന്ന്
കോട്ടയം: ദേശീയ സമ്മതിദായക ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ഇന്ന്(ഞായർ) ആഘോഷിക്കും. രാവിലെ ആറിന് കളക്ടറേറ്റിൽനിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും.
തെള്ളകം പാടം വ്യൂ പോയിന്റ്, പേരൂർ, നീറിക്കാട്, പുന്നത്തറ ഈസ്റ്റ്, കിടങ്ങൂർ ചെക്ക് ഡാം, കാവാലിക്കടവ് ബീച്ച്, കിടങ്ങൂർ, ആറ്റുവഞ്ചിക്കടവ്, പട്ടർമഠം, മീനച്ചിൽ വ്യൂ പോയിന്റ് പേരൂർ എന്നിവിടങ്ങളിലൂടെ റാലി കടന്നുപോകും.
രാവിലെ 10ന് വടവാതൂർ നവോദയ കേന്ദ്രീയ വിദ്യാലയത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവഹിക്കും. നിയമസഭാ തെരെഞ്ഞടുപ്പിൽ വോട്ട് ചെയ്യുമെന്ന പ്രതിജ്ഞ രേഖപ്പെടുത്തി സാക്ഷ്യപത്രം ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന വെബ്സൈറ്റിന്റെ ലോഞ്ചിംഗും ഇതോടനുബന്ധിച്ചു നടക്കും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി വിദ്യാർഥികൾ ജില്ലാ സ്വീപ് വിഭാഗവുമായി സഹകരിച്ചാണ് വെബ്സൈറ്റ് തയ്യാറാക്കിയത്.
നവോദയ വിദ്യാലയ ക്യാംപസ്സിൽ ഡെമോക്രസി ആർട്ട് ഇൻസ്റ്റലേഷൻ അനാച്ഛാദനം,യുവ വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം, മോക്ക് പോളിംഗ്, വിവിധ കലാപരിപാടികൾ എന്നിവയും നടക്കും.
ജില്ലാ സ്വീപ് നോഡൽ ഓഫീസർ പി.എ. അമാനത്ത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, വൈസ് പ്രിൻസിപ്പൽ എ.ടി. ശശി എന്നിവർ പങ്കെടുക്കും.
- Log in to post comments