പൊലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി: മുഖ്യമന്ത്രി
കല്ലടിക്കോട് പൊലീസ് സ്റ്റേഷന് കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി, മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധചെലുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കല്ലടിക്കോട് പൊലീസ് സ്റ്റേഷന് ഉള്‍പ്പെടെ സംസ്ഥാനത്തെ 13 പോലീസ് സ്റ്റേഷനുകളുടെയും, റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്റെയും, തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും, മറ്റു ചില മന്ദിരങ്ങളുടെയും ശിലാസ്ഥാപനകര്‍മ്മവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ പൊലീസ് സേനയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിശോധിച്ചാല്‍ പുരോഗതി ബോധ്യമാകും. പൊലീസ് സ്റ്റേഷന് എന്ന പഴയ സങ്കല്പം തന്നെ മാറ്റാന്‍ സാധിച്ചു. സ്ത്രീകള്‍ക്കും,കുട്ടികള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുതായി നിര്‍മ്മിക്കപ്പെടുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളും ജനസൗഹൃദപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപകല്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയ്ക്ക് ജനസൗഹൃദപരമായ മുഖം നല്കാന് സാധിച്ചു. സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങളും നിലവില്‍ ഉണ്ടായിട്ടില്ല. സമൂഹത്തിന്റെ പ്രത്യേകത ഇതിന് കാരണമാണെങ്കിലും പൊലീസിന്റെ ഇടപെടലും സമീപനവും നടപടികളും ഇത്തരത്തില്‍ സമാധാനപരമായ അവസ്ഥ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍, മുഖം നോക്കാതെ നടപടി എടുക്കുന്നതില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ പോലീസിന് സാധിക്കുന്നു. സംസ്ഥാനത്ത് തുടരുന്ന സോഷ്യല്‍ പൊലീസിങ് സംവിധാനം ശക്തമായി തന്നെ തുടര്‍ന്ന് പോകാന്‍ കഴിയേണ്ടതുണ്ട്. സാമൂഹ്യ വിരുദ്ധ ശക്തികളെ വേഗത്തില്‍ തിരിച്ചറിയുന്നതിനും, ലഹരി മാഫിയയുടെ വേരറുക്കുന്നതിനും, സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും ഇതിന്റെ ഭാഗമായി നമുക്ക് കഴിയുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കല്ലടിക്കോട് പൊലീസ് സ്റ്റേഷന് പരിസരത്ത് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷത വഹിച്ചു. വി.കെ ശ്രീകണ്ഠന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി എന്നിവര്‍ മുഖ്യാതിഥികളായി . തൃശ്ശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അരുള്‍ ബി കൃഷ്ണ വിശിഷ്ടാതിഥിയായി. കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രജോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍, കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീലത, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഹത ഷമീര്‍, വാര്‍ഡ് മെമ്പര്‍ സി.കെ മുഹമ്മദ് മുസ്തഫ, ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് എസ് ഷംസുദ്ദീന്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ വിജയകുമാര്‍, മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി എം സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments