Skip to main content

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ കോർണിയ ട്രാൻസ്പ്ലാന്റേഷൻ

*അഭിമാനത്തോടെ തിരുവനന്തപുരം ജനറൽ ആശുപത്രി

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേത്രരോഗ വിഭാഗത്തിൽ നേത്ര പടല അന്ധതക്ക് പ്രതിവിധി നൽകുന്ന കോർണിയ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 59 വയസുള്ള കോവളം സ്വദേശിയ്ക്കാണ് കഴിഞ്ഞ 24-ാം തീയതി കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ചില സർക്കാർ മെഡിക്കൽ കോളേജുകളിലും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലും സ്വകാര്യ കണ്ണാശുപത്രികളിലും മാത്രം ചെയ്യുന്ന കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ജനറൽ ആശുപത്രിയിൽ നടത്തിയത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയിൽ കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ജനറൽ ആശുപത്രിയിലെ എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

വലത്തെ കണ്ണിന് ചെറുപ്പകാലത്തുണ്ടായ മുറിവാണ് നേത്രപടല അന്ധതക്ക് കാരണമായത്. ഇബിഎകെ നേത്രബാങ്കിൽ നിന്നാണ് നേത്രപടലം ലഭ്യമാക്കിയത്. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങളോളം രൂപ ചിലവാകുന്ന ശസ്ത്രക്രിയയാണ് സൗജന്യമായി ചെയ്തത്.

ജില്ലാതല ആശുപത്രികളിൽ കോർണിയ ശസ്ത്രക്രിയയിൽ പ്രാവീണ്യമുള്ള ഡോക്ടർമാരെ കൊണ്ട് കോർണിയ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്യുന്നതിന് സർക്കാർ 2023ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഇതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് കോർണിയ ട്രാൻസ്പ്ലാന്റേഷന് വേണ്ടിയുള്ള ഉപകരണങ്ങൾ സജ്ജമാക്കി. തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തി അനുമതി നൽകി. കെ സോട്ടോയിൽ നിന്ന് കോർണിയ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയക്കുള്ള ലൈസൻസും നേടിയെടുത്തു.

നേത്രപടല അന്ധത കൂടുതലും മധ്യവയസ്‌കരായ ആളുകളിലും തൊഴിലാളികളേയുമാണ് ബാധിക്കുന്നത്. കൃഷ്ണമണിയിലുണ്ടാകുന്ന മുറിവുകളിൽ അണുബാധയേൽക്കുന്നതുമൂലം നേത്രപടല അന്ധതയ്ക്ക് കാരണമാകുന്നു. ഇത്തരം രോഗികൾക്ക് നേത്രപടലം മാറ്റി വയ്ക്കുന്നത് മാത്രമാണ് പ്രതിവിധി. ചില കുട്ടികളിൽ ജന്മനാ നേത്രപടല വൈകല്യം മൂലവും കൗമാര പ്രായക്കാരിൽ നേത്രപടലത്തിനുണ്ടാവുന്ന കെരറ്റോകോണസ് എന്ന അസുഖവും നേത്ര പടല അന്ധതയ്ക്ക് കാരണമാകുന്നു. ഇത്തരം രോഗികൾക്കും കോർണിയ ട്രാൻസ്പ്ലാന്റേഷനാണ് പ്രധാന പ്രതിവിധി.

ജില്ലാതല ആശുപ്രതികളിൽ കോർണിയ ക്ലിനിക്കുകളും നേത്രപടല ശസ്ത്രക്രിയകളും അരംഭിക്കുന്നത് വഴി ആരോഗ്യ വകുപ്പിന് കീഴിലുളള ആശുപത്രികളിൽ നേത്രരോഗ വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമൂലം സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സ അടുത്തുളള ആശുപത്രിയിൽ നിന്നും ലഭ്യമാക്കുന്നു.

തിരുവനന്തപുരം ജനറൽ ആശുപതി സൂപ്രണ്ട് ഡോ. കൃഷ്ണവേണിനേത്രരോഗ വിഭാഗം മേധാവി ഡോ. ശ്രീലതകോർണിയ സർജൻ ഡോ. രശ്മി പി ഹരിദാസ്അനസ്തേഷ്യ വിഭാഗം മേധാവി ഡോ. അമ്പിളിഡോ. മധു എന്നിവരുടെ നേതൃത്വത്തിലാണ് ട്രാൻസ്പ്ലാന്റേഷൻ നടത്തിയത്. ഡോ. ഐശ്വര്യഡോ. സിമ്രാൻഡോ. ദീപ്തിനഴ്സിംഗ് ഓഫീസർമാരായ ബോബി രേവതി ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ നാദിയനഴ്സിംഗ് അസിസ്റ്റന്റ് മോളിഅനസ്തേഷ്യ ടെക്‌നീഷ്യൻ ഗായത്രി എന്നിവർ കോർണിയ സർജറിയിൽ സന്നിഹിതരായിരുന്നു.

പി.എൻ.എക്സ്. 374/2026

date