Skip to main content

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പുരസ്‌കാരം നേടിയ ജില്ലാ കളക്ടറെ ആദരിച്ചു

ഭിന്നശേഷി മേഖലയില്‍ കേരളത്തിന് മാതൃകയായ പദ്ധതികളിലൂടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് ഉള്‍പ്പെടെയുള്ളവരെ മലപ്പുറം ജില്ലാ പഞ്ചായത്ത് ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ജില്ലാ കളക്ടര്‍ വി. ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള പി.എസ്.സി പരിശീലന ക്ലാസുകള്‍,  വിവിധ സംരംഭങ്ങള്‍, സേവനങ്ങള്‍ എന്നിവ രാജ്യത്തിന് വഴികാട്ടുന്നതാണ്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ മുന്നിലെത്തിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ജില്ലയ്ക്ക് അവാര്‍ഡ് ലഭിച്ചതെന്ന് മറുപടി പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ വി. ആര്‍ വിനോദ് പറഞ്ഞു. എല്ലാവരുടെയും പിന്തുണയുടെ ഫലമാണ് ജില്ലയ്ക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണമായത്. ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതാണ് നേട്ടത്തിന് കാരണം. ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സ്മിജി അധ്യക്ഷത വഹിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരമാണ് ഭിന്നശേഷി വിഭാഗത്തിനായി വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയതു വഴി മലപ്പുറം ജില്ലാ ഭരണകൂടം നേടിയത്. 'ഭിന്നശേഷി അവാര്‍ഡ് 2025' ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 16 വിഭാഗങ്ങളിലായി ആകെ 30 പുരസ്‌കാരങ്ങളില്‍ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങള്‍ മലപ്പുറത്തിനാണ്.

കേള്‍വി പരിമിതിയുള്ള മികച്ച ജീവനക്കാരനായി തെരഞ്ഞെടുക്കപ്പെട്ട കെ. റിയാസുദ്ദീന്‍, സ്വകാര്യമേഖലയിലെ ലോക്കോമോട്ടോര്‍ പരിമിതിയുള്ള മികച്ച ജീവനക്കാരിയായ സി.പി ഫൗസിയ, സ്വകാര്യമേഖലയിലെ കേള്‍വി പരിമിതിയുള്ള മികച്ച ജീവനക്കാരനായ കെ. അനില്‍കുമാര്‍, കല-സാഹിത്യം-കായികം മേഖലകളില്‍ ഉന്നതനേട്ടങ്ങള്‍ കരസ്ഥമാക്കിയ  ഷബ്ന പൊന്നാട്, മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനമായ എബിലിറ്റി ഫൗണ്ടേഷന്‍, മികച്ച ലീഗല്‍ സര്‍വീസ് അതോറിറ്റിയായ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, മ്യൂസിക് തെറാപിസ്റ്റ് നിര്‍ഷാദ് നിനി എന്നിവരെയും ഭിന്നശേഷി കലോത്സവത്തില്‍ സമ്മാനം നേടിയവരെയുമാണ് ചടങ്ങില്‍ ആദരിച്ചത്.  

എ.ഡി.എം കെ. ദേവകി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന നിയാസി, കെ.ടി അജ്മല്‍, പി.കെ അസ്ലു, സാമൂഹിക നീതിവകുപ്പ് അസി. ഡയറക്ടര്‍ സി.കെ ഷീബ മുംതാസ്, സാമൂഹിക നീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

 

date