ആലപ്പുഴ വികസനാരവം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (8) മുതൽ
ആലപ്പുഴ വികസനാരവത്തിൻ്റെ ഭാഗമായി പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ ആലപ്പുഴ മണ്ഡലത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പൂർത്തീകരണ, നിർമ്മാണ ഉദ്ഘാടനങ്ങൾക്ക് ഇന്ന്(ഫെബ്രുവരി 8 ന്) തുടക്കമാകും. പൂർത്തീകരിച്ച മുപ്പത്തിയഞ്ചോളം റോഡുകൾ, ആറാട്ടുവഴി, പോപ്പി പാലങ്ങൾ, കലവൂർ, കോമളപുരം വില്ലേജ് ഓഫീസുകൾ എന്നിവയുടെ ഉദ്ഘാടനവും പാതിരപ്പള്ളി വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനവുമാണ് വികസനാരവത്തിന്റെ പ്രധാന പരിപാടികൾ. കായിക മേഖലയ്ക്ക് ഉണർവേകുന്ന കണിച്ചുകുളങ്ങര ഇൻഡോർ സ്റ്റേഡിയം, ആര്യാട് ഇൻഡോർ സ്റ്റേഡിയം ആദ്യഘട്ട ഉദ്ഘാടനം എന്നിവയ്‌ക്കൊപ്പം മണ്ണഞ്ചേരി ബസ് ഷെൽട്ടർ, ഓട്ടോപാർക്ക് എന്നിവയും ജനങ്ങൾക്കായി തുറന്നുകൊടുക്കും. സാംസ്കാരിക പുരോഗതി ലക്ഷ്യമിട്ട് 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കസ്തൂർബ വായനശാല, യുവഭാരത് വായനശാല എന്നിവയും മണ്ഡലത്തിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. പദ്ധതികളുടെ സമർപ്പണത്തിന് പുറമെ, ഫെബ്രുവരി ഒൻപതിന് മണ്ഡലത്തിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഭാവി വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്ന വികസന കൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്.
ആലപ്പുഴ വികസനാരവത്തിന്റെ ആദ്യ ദിവസമായ ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പാതിരപ്പള്ളി ബീച്ച് - ഓമനപ്പുഴ റോഡിന്റെ ഉദ്ഘാടനം പാതിരപ്പള്ളി ബീച്ചിൽ എംഎൽഎ നിർവ്വഹിക്കും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments