Skip to main content
കുണ്ടന്‍ചാല്‍ ഉന്നതി റോഡ് നാടിന് സമര്‍പ്പിച്ചു

കുണ്ടന്‍ചാല്‍ ഉന്നതി റോഡ് നാടിന് സമര്‍പ്പിച്ചു

 

തീരദേശ മേഖലയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ നാണുക്കട മുതല്‍ പടിഞ്ഞാറേമൊട്ട വരെ നീളുന്ന കുണ്ടന്‍ചാല്‍ ഉന്നതി റോഡിന്റെ ഉദ്ഘാടനം മത്സ്യബന്ധന, സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലയിലെ വികസനത്തിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേന മത്സ്യബന്ധന തുറമുഖങ്ങള്‍, മത്സ്യബന്ധന കേന്ദ്രങ്ങള്‍, തീരദേശ റോഡുകള്‍ എന്നിവയുടെ നിര്‍മാണവും നവീകരണവും കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി വ്യാപകമായി നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. കെ.വി സുമേഷ് എം എല്‍ എ അധ്യക്ഷനായി.

തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ നവീകരണ പ്രവൃത്തിക്കായി 25.20 ലക്ഷം രൂപയുടെ ഭരണാനുമതിയും 25.20 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. ദര്‍ഘാസ് സ്വീകരിച്ച് 22.40 ലക്ഷം രൂപയ്ക്കാണ് പ്രവൃത്തി ഏല്‍പ്പിച്ചത്. 637 മീറ്റര്‍ നീളവും ശരാശരി മൂന്ന് മീറ്റര്‍ വീതിയുമുള്ള റോഡിന്റെ ആദ്യ 220 മീറ്റര്‍ ഭാഗം 3.90 മീറ്റര്‍ വീതിയിലും ശേഷിക്കുന്ന ഭാഗം 3.40 മീറ്റര്‍ വീതിയിലുമായി ഉപരിതലം നവീകരിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിക്കുകയും വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്ന ഇടങ്ങള്‍ ആവശ്യമായ രീതിയില്‍ ഉയര്‍ത്തുകയും ചെയ്തു.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തന്‍, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മോഹനന്‍, വൈസ് പ്രസിഡന്റ് ടി.കെ മോളി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.വി സനില്‍ കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date