ആലപ്പുഴ പുതിയ സബ് ജയിലിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും
ആലപ്പുഴ പുതിയ സബ് ജയിലിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം ഇന്ന് (മാർച്ച് 4) വൈകിട്ട് 3.15ന് ജയിൽ അങ്കണത്തിൽ ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. ചടങ്ങിൽ അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം മുഖ്യപ്രഭാഷണം നടത്തും. കെ.സി. വേണുഗോപാൽ എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. ജില്ലാ കളകർ അലക്സ് വർഗ്ഗീസ്, ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്ബ്, വാർഡ് കൗൺസിലർ എ.എം. നൗഫൽ എന്നിവർ പങ്കെടുക്കും. ആലപ്പുഴ ജില്ലയിലെ ജെയിൽ സംവിധാനത്തെ ശക്തിപ്പെടുത്തുകയും തടവുകാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ആലപ്പുഴ സബ്ജെയിലിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ജയിലിന്റെ ചുറ്റുമതിൽ നിർമാണത്തിന് 151.10 ലക്ഷവും ജയിൽ നവീകരണ പ്രവർത്തനങ്ങൾക്ക് 112.15 ലക്ഷം രൂപയും അനുവദിച്ചു. ചേർത്തല, അമ്പലപ്പുഴ താലൂക്ക് പരിധിയിൽപ്പെട്ട കോടതികൾ റിമാൻഡ് ചെയ്യുന്ന തടവുകാരെയാണ് ഇവിടെ പാർപ്പിക്കുന്നത്. 49 തടവുകാരെ ഇവിടെ പാർപ്പിക്കാം. തടവുകാരുടെ താമസ സൗകര്യങ്ങൾ,ഭരണ വിഭാഗം, വീഡിയോ കോൺഫ്രൻസിങ് സിസ്റ്റം, സുരക്ഷാ നിരീക്ഷണ സംവിധാനം, അടുക്കള, മെഡിക്കൽ മുറി, സന്ദർശക സൗകര്യം, ശുചിമുറികൾ, റിക്രീയേഷൻ ഹാൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
- Log in to post comments