ഗ്യാസ് ഏജൻസികളിലും വ്യാപാര സ്ഥാപനങ്ങളിലും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പരിശോധന
കാർത്തികപ്പള്ളി താലൂക്കിലെ വിവിധ ഗ്യാസ് ഏജൻസികളിലും ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പാചകവാതക സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കൂടിയ വിലയ്ക്ക് വിൽക്കുന്നുവെന്നും ചില ഏജൻസികൾ കുറച്ച് ഉപഭോക്താക്കൾക്ക് വാണിജ്യ സിലിണ്ടറുകൾ അനുവദിച്ചതിൽ കൂടുതൽ വിതരണം ചെയ്യുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസർ ബിന്ദുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, ജില്ലാ കളക്ടർ അംഗീകരിച്ച ഡെലിവറി ചാർജ് സംബന്ധിച്ച ഉത്തരവ് പ്രദർശിപ്പിച്ചിട്ടില്ലെന്നും സ്റ്റോക്ക് ബോർഡ് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി. വീഴ്ച വരുത്തിയ ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കാൻ കളക്ടർക്ക് ശുപാർശ നൽകി. ഓയിൽ കമ്പനികളിൽ നിന്ന് ആവശ്യമായ സ്റ്റോക്ക് ലഭ്യമാക്കി കുടിശ്ശികയുള്ള ബുക്കിംഗ് രണ്ട് ദിവസത്തിനുള്ളിൽ തീർക്കാൻ നിർദ്ദേശം നൽകി. അമിത ഡെലിവറി ചാർജ് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കൽ എന്നിവ തടയുന്നതിനായി പലചരക്ക്, പച്ചക്കറി കടകളും സംഘം പരിശോധിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാരികൾക്ക് കർശന താക്കീത് നൽകി. രണ്ട് ഗ്യാസ് ഏജൻസികൾ, അഞ്ച് ഹോട്ടലുകൾ, ഏഴ് പച്ചക്കറി കടകൾ, മൂന്ന് പലചരക്ക് കടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ലക്ഷ്മിനാഥ്, എം. സഞ്ജു, കെ. മിനിമോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
- Log in to post comments