പാറശ്ശാല മണ്ഡലത്തിൽ വിവിധ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു
പാറശ്ശാല മണ്ഡലത്തിൽ മണ്ണാംകോണം - കരിമ്പുമണ്ണടി - കുടപ്പനമൂട് - കുട്ടപ്പു റോഡിൻ്റെയും കാരമുണ്ട് - കിള്ളിയൂർ - കള്ളിമൂട് റിംഗ് റോഡിൻ്റെയും നിർമ്മാണ ഉദ്ഘാടനം സി. കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
നാടിൻ്റെ പുരോഗതിയുടെയും വികസനത്തിൻ്റെയും കണ്ണാടിയാണ് റോഡുകളെന്ന് എംഎൽഎ പറഞ്ഞു. ദീർഘനാൾ നിലനിൽക്കുന്ന റോഡുകൾ നിർമ്മിക്കുകയെന്നതാണ് സർക്കാർ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.
എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കാസാറോഡ് ജംഗ്ഷനിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം അദ്ദേഹം നാടിന് സമർപ്പിച്ചു.
സംസ്ഥാന സർക്കാർ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ബിഎം, ബിസി നിലവാരത്തിലാണ് രണ്ട് റോഡുകളും നിർമ്മിക്കുന്നത്. അഞ്ച് കോടി രൂപ ചെലവിലാണ് ആര്യങ്കോട്, വെള്ളറട, അമ്പൂരി എന്നീ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണാംകോണം - കരിമ്പുമണ്ണടി - കുടപ്പനമൂട് - കുട്ടപ്പു റോഡ് നിർമ്മിക്കുന്നത്. ചെമ്പൂര് - വെള്ളറട റൂട്ടിൽ മണ്ണാംകോണം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കുടപ്പനമൂട് വഴി കൂട്ടപ്പു ജംഗ്ഷനിൽ അവസാനിക്കുന്ന ഈ റോഡിന്റെ ആകെ ദൈർഘ്യം 5.9 കിലോമീറ്റർ ആണ്.
4.5 കോടി രൂപ ചെലവിലാണ് കാരമുണ്ട് - കള്ളിമൂട് റിംഗ് റോഡ് നിർമ്മിക്കുന്നത്. മലയോര ഹൈവേയിൽ കാരമുണ്ട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കിളിയൂർ വഴി കള്ളിമൂട് ജംഗ്ഷനിൽ അവസാനിക്കുന്ന ഈ റോഡിൻ്റെ ആകെ ദൈർഘ്യം 4.6 കിലോമീറ്റർ ആണ്.
വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ വിൻസെൻ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രെയ്സ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ.എസ്.യു, വൈസ് പ്രസിഡന്റ് പനച്ചമൂട് ഉദയൻ, ബ്ലോക്ക് അംഗം സാം ഡേവിഡ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജ്ഞാനദാസ്, പഞ്ചായത്ത് അംഗങ്ങളായ സുധ കുമാരി, ഷൈൻരാജ്, ആതിര, പൊതുമരാമത്ത് അസ്സി. എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കുമാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments