Skip to main content

പത്ത് വര്‍ഷ ഭരണകാലയളവിനുള്ളില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത് ലോകത്ത് മറ്റെവിടെയും സാധ്യമായിട്ടില്ലാത്ത കാര്യം - സുനിൽ പി ഇളയിടം

പത്ത് വര്‍ഷത്തെ ഭരണ കാലയളവിനുള്ളില്‍ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീടു വെച്ചു നല്‍കിയത് ലോകത്ത് മറ്റെവിടെയും സാധ്യമായിട്ടില്ലാത്ത കാര്യമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി പുറത്തിറക്കിയ 'പിണറായി വിജയന്‍ വാര്‍ത്തകള്‍ക്കപ്പുറം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ തലകെട്ടുകള്‍ക്കും ക്യാമറാ കാഴ്ചകള്‍ക്കുമപ്പുറം പിണറായി എന്ന മനുഷ്യനെയും ഭരണാധികാരിയേയും അടുത്തറിയാന്‍ സാധിക്കുന്നതാണ് പുസ്തകം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കാക്കനാട് മീഡിയ അക്കാദമി ക്യാമ്പസ്സില്‍ നടന്ന കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകയായ സ്മിത ഹരിദാസാണ് പുസ്തകം ഏറ്റുവാങ്ങിയത്. വെല്ലുവിളികള്‍ സധൈര്യം നേരിട്ട് മുന്നേറിയ രാഷ്ട്രീയ നേതാവിനെ കുറിച്ചുള്ള പുസ്തകം ഏറ്റുവാങ്ങിയതില്‍ അഭിമാനമെന്ന് സ്മിത ഹരിദാസ് പറഞ്ഞു. കേരളത്തെ മുന്നോട്ടു നയിച്ച മുഖ്യമന്ത്രിമാരെ കുറിച്ചുള്ള പുസ്തക പരമ്പരയുടെ തുടക്കമാണ് ഈ പുസ്തകമെന്ന് മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്സ് ബാബു അറിയിച്ചു.

date