Skip to main content
..

പ്രവര്‍ത്തന മികവില്‍ ജില്ലാ കലക്ടറേറ്റിന് ഐഎസ്ഒ അംഗീകാരം

ക്വാളിറ്റി    മാനേജ്‌മെന്റ്   സിസ്റ്റം സര്‍ട്ടിഫിക്കറ്റ് ഐഎസ്ഒ 9001:2015 അംഗീകാരം കൈവരിച്ച് ജില്ലാ കലക്ടറേറ്റ്. പ്രവര്‍ത്തന നിലവാരം, പശ്ചാത്തല സൗകര്യം, പൊതുജനസേവനം തുടങ്ങിയ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കേഷന്‍. ജില്ലാ ഭരണ നിര്‍വഹണം, ലാന്‍ഡ് റവന്യൂ പ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണം, ക്രമസമാധാനം എന്നിവയുടെ കൃത്യമായ നിരീക്ഷണവും നിയന്ത്രണവും നടത്തി സര്‍ക്കാര്‍ നിക്ഷിപ്തമായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നിര്‍വഹിച്ചുമാണ് നേട്ടം.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി ഉദ്ഘാടനവും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും ഫലകത്തിന്റെ പ്രകാശനവും നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എന്‍ വി രാജു വിശിഷ്ടാതിഥിയായി.

ഐഎസ്ഒ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുണമേ• ഉറപ്പുവരുത്തുന്നതിന് ക്വാളിറ്റി സര്‍ക്കിള്‍ രൂപീകരിക്കുകയും പൊതുജന അഭിപ്രായം അറിയുന്നതിന് പൗരസര്‍വേ നടത്തുകയും ചെയ്തു. കിലയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1964 കാലഘട്ടം മുതല്‍ റെക്കോര്‍ഡ് റൂമില്‍ സൂക്ഷിച്ചിരുന്ന എല്ലാ ഫയലുകളും ഡിജിറ്റൈസ് ചെയ്തു. ഏത് ഫയലും മൂന്ന് മിനിറ്റിനുള്ളില്‍ വീണ്ടെടുക്കുന്നതിന് സൗകര്യമൊരുക്കി. കലക്ടറേറ്റ് പ്രധാന കവാടത്തിന്റെ ഇരു ചുമരുകളില്‍ തുടങ്ങി മൂന്നാംനില വരെയുള്ള പടിക്കെട്ടുകളുടെ ചുമരുകളില്‍ ജില്ലയുടെ ചരിത്ര-സാംസ്‌കാരിക- പൈതൃക പ്രാധാന്യമോതുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത് ഭംഗിയാക്കി. ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് നിര്‍മിച്ചു. എടിഎം കൗണ്ടര്‍ പുനഃസ്ഥാപിച്ചു. ഫ്രണ്ട് ഓഫീസ് നവീകരിച്ചു, തപാല്‍ പെട്ടി സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്കായി ഇരിപ്പിടങ്ങള്‍, ശുചിമുറി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഓഫീസ് ശുചീകരണവും ഉറപ്പാക്കി. ഉദ്യോഗസ്ഥരുടെ ഹാജര്‍, വിവരാവകാശ നിയമം, സേവന അവകാശ നിയമം തുടങ്ങി വിവിധതരം ബോര്‍ഡുകളും സ്ഥാപിച്ചു. ജീവനക്കാര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനങ്ങള്‍ നല്‍കി. പൊതുജനങ്ങള്‍ക്ക് സേവന വിലയിരുത്തല്‍ ഫോമുകള്‍ നല്‍കുകയും ലഭ്യമായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നിലനിര്‍ത്തുന്നതിനായി നിശ്ചിത ഇടവേളകളില്‍ ഓഡിറ്റ് നടത്തും.

മാതൃക ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അബ്ദുല്‍കലാം സ്റ്റഡി സെന്റര്‍ 2026 പുരസ്‌കാര ജേതാവ് ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ ഡി ഷൈന്‍ദേവിനെയും ഐ എസ് ഒ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് രമേശന്‍ മാധവനെയും ആദരിച്ചു. സബ് കലക്ടര്‍ അഖില്‍ വി മേനോന്‍, എഡിഎം ജി നിര്‍മല്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ അനിത നായര്‍, വി ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date