മേനംകുളത്തെ കാടുവെട്ടിത്തെളിക്കണം, പള്ളിത്തുറയിൽ ബസ് സർവ്വീസ് വേണം: ന്യൂനപക്ഷ കമ്മീഷൻ
മേനംകുളത്തെ തീപിടിത്ത ഭീഷണി ഒഴിവാക്കാനും, ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ കാർഡ് വേഗത്തിൽ ലഭ്യമാക്കാനും, പള്ളിത്തുറയിൽ രാത്രികാല ബസ് സർവ്വീസ് ആരംഭിക്കാനും ന്യൂനപക്ഷ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്ന സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.
മേനംകുളം ബി.പി.സി.എൽ പ്ലാന്റിന് സമീപം വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള കാടുപിടിച്ച ഭൂമിയിലെ തീപിടിത്തം പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്. നിലവിൽ ജി.വി. രാജ സെന്റർ ഫോർ എക്‌സലൻസിന്റെ കൈവശമുള്ള ഈ ഭൂമിയിലെ ഉണങ്ങിയ മരങ്ങൾ മുറിച്ചുമാറ്റാനും കാടുവെട്ടിത്തെളിക്കാനും നിർദ്ദേശം നൽകി. ഇതിനായി 6.65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും കായിക-യുവജനക്ഷേമ ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടിയായി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അപേക്ഷ നൽകുന്നവർക്ക് 15 ദിവസത്തിനകം കാർഡ് ലഭ്യമാക്കാൻ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കണമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ടിന് കമ്മീഷൻ നിർദ്ദേശം നൽകി. കുടപ്പനക്കുന്ന് സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ഈ നടപടി.
രാത്രികാലങ്ങളിൽ പള്ളിത്തുറ വാർഡിലേക്ക് ബസ് സർവ്വീസ് ഇല്ലാത്തതിനാൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സി ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടു. 15 ദിവസത്തിനുള്ളിൽ സർവ്വീസ് ആരംഭിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
- Log in to post comments