Skip to main content

ആധുനികവും ജനസൗഹൃദവുമായ സർക്കാർ ഓഫീസുകളാണ് ജനാധിപത്യത്തിന്റെ കരുത്ത്: മന്ത്രി പി പ്രസാദ്

*ചേർത്തല മിനി സിവിൽ സ്റ്റേഷൻ (അനക്സ്) ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു

സർക്കാർ ഓഫീസുകൾ ആധുനികവത്ക്കരിക്കുന്നതും ജനസൗഹൃദമാകുന്നതും ജനാധിപത്യത്തിന്റെ കരുത്താണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.  ചേർത്തല മിനി സിവിൽ സ്റ്റേഷൻ (അനക്സ്) ശിലാസ്ഥാപനം താലൂക്ക് ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകൂടം ജനങ്ങളിലേക്ക് എത്രത്തോളം ഇറങ്ങിച്ചെല്ലുന്നു എന്നതിലാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ വിജയം. കേവലം അധികാര കേന്ദ്രങ്ങൾ എന്നതിലുപരി സാധാരണക്കാരന്റെ ആവശ്യങ്ങൾ വേഗത്തിലും സുതാര്യമായും നിറവേറ്റപ്പെടുന്ന സേവന കേന്ദ്രങ്ങളായി സർക്കാർ ഓഫീസുകൾ മാറണമെന്നും മന്ത്രി പറഞ്ഞു. ഒരു ഭരണസംവിധാനത്തിന്റെ മുഖച്ഛായ നിശ്ചയിക്കുന്നത് ഓഫീസുകളുടെ പ്രവർത്തനക്ഷമതയും ജനങ്ങളോടുള്ള സമീപനവുമാണ്. സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദരഹിതമായി ജോലി ചെയ്യാനും പൊതുജനങ്ങൾക്ക് ആശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും സമീപിക്കാനും കഴിയുന്ന മികച്ച അന്തരീക്ഷം സംജാതമാകണം. പുതിയ അനക്സ് മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ ചേർത്തലയിലെ സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

 

സംസ്ഥാന സർക്കാരിന്റെ 2023-24 വർഷത്തെ ബജറ്റിൽ ചേർത്തല എംഎൽഎ കൂടിയായ മന്ത്രി പി പ്രസാദിന്റെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച 11.5 കോടി രൂപ ചെലവഴിച്ചാണ് ചേർത്തല മിനി സിവിൽ സ്റ്റേഷൻ (അനക്സ്) ബഹുനില മന്ദിരം നിർമ്മിക്കുന്നത്. ചേർത്തലയിലെ സർക്കാർ സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

ചടങ്ങിൽ ചേർത്തല നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷൻ എൻ എൽ വത്സലകുമാരി, എഡിഎം ബി ജ്യോതി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ അഥീന രാജു, ബീന അജി, എസ് സനീഷ്, ടോമി എബ്രഹാം, ധന്യ ജയദേവൻ, നഗരസഭാഗം ഡി ജ്യോതിഷ്, തഹസിൽദാർ കെ ആർ ജോൺ പ്രിൻസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date