Skip to main content

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 'മനം ഹരിതാഭം' പദ്ധതിക്ക് തുടക്കം 

 

ജയിലില്‍ നിന്നും വിടുതല്‍ ചെയ്തു പോകുന്ന അന്തേവാസികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കുന്ന 'മനം ഹരിതാഭം' പദ്ധതിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തുടക്കം. പരിപാടിയുടെ ഭാഗമായി ശിക്ഷാ കാലാവധി കഴിഞ്ഞ് മോചിതരായ 17 തടവുകാര്‍ക്ക് ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ വൃക്ഷതൈകള്‍ സമ്മാനിച്ചു.  ജയില്‍ സൂപ്രണ്ട് കെ വേണു അധ്യക്ഷനായി.

ജയിലിലെ മാനസിക പരിവര്‍ത്തനത്തിന്റെ ഭാഗമായി പൂര്‍ണമായും നവീകരിക്കപ്പെട്ടവരെ പ്രകൃതിയുമായി ഇണക്കിച്ചേര്‍ക്കുക, വീണ്ടും തെറ്റുകളിലേക്ക് വഴുതി വീഴാതെ  ജീവിതത്തിന്റെ പച്ചപ്പിലേക്ക് അവരെ തിരികെ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത കേരളം മിഷനുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കിയത്. ഫലവൃക്ഷങ്ങളും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വയിനം വൃക്ഷ തൈകളുമാണ് ഹരിതാഭം പദ്ധതിയില്‍ നൽകുക. ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ കാര്‍ബണ്‍ പദവി നേടിയ ജയില്‍, അപൂര്‍വ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്ന ട്രീ മ്യൂസിയം ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹാര്‍ദ പദ്ധതികള്‍ നടപ്പിലാക്കുന്ന ജയില്‍ എന്നീ പ്രത്യേകതകൾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുണ്ട്.

ജോയിന്റ് സൂപ്രണ്ടുമാരായ കെ.കെ റിനില്‍, ടി.ജെ പ്രവീഷ്, വെല്‍ഫയര്‍ ഓഫീസര്‍ രാജേഷ് കുമാര്‍, അസിസ്റ്റന്റ് സൂപ്രണ്ട് ടി സന്തോഷ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ എ.കെ ഷിനോജ്, കെ.ടി അരുണ്‍, സന്ദീപ്കുമാര്‍, കെ ഷഫീര്‍, കെ.കെ ബൈജു എന്നിവര്‍ പങ്കെടുത്തു.

date