കേരളത്തിന്റെ ആയുർവ്വേദ പാരമ്പര്യത്തെ ലോകം ശ്രദ്ധിക്കുന്ന നിലയിലേക്ക് ഉയർത്തി: മുഖ്യമന്ത്രി
പിണറായി ഗ്രാമപഞ്ചായത്ത് പന്തക്കപ്പാറ ഗവ. ആയുർവേദ ആശുപത്രി ഉദ്ഘാടനം ചെയ്തു
കേരളത്തിലെ ആയുർവേദ പാരമ്പര്യം ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി ഗ്രാമപഞ്ചായത്ത് പന്തക്കപാറയിൽ നിർമ്മിച്ച ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം മുതൽ പ്രാദേശിക ഡിസ്പെൻസറികളിൽ വരെ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ ബോധപൂർവ്വമായ ശ്രമം നടത്തിയിട്ടുണ്ട്. അലോപ്പതി ചികിത്സാരംഗത്തും സർക്കാർ സമാനമായ ഇടപെടലുകളാണ് നടത്തിയത്. പരമ്പരാഗതമായി ആരോഗ്യരംഗത്ത് മുൻപന്തിയിലായിരുന്ന സംസ്ഥാനം ഒരു ഘട്ടത്തിൽ വളരെ പിന്നാക്കം പോയി. എന്നാൽ 2016 ൽ അധികാരത്തിലെത്തിയ സർക്കാർ ആരോഗ്യ രംഗത്തെ വീണ്ടും മികവിന്റെ പാതയിൽ എത്തിച്ചു. ഇക്കാര്യത്തിൽ ആർദ്രം മിഷൻ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സൂപ്പർ സ്പെഷ്യലിറ്റി ചികിത്സ ലഭ്യമാക്കുന്ന രീതിയിലേക്ക് മാറ്റി. ആരോഗ്യ മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. പാവപ്പെട്ടവർക്ക് മികച്ച ചികിത്സ പ്രാപ്യമാക്കി. പ്രതിവർഷം 1500 കോടി രൂപയാണ് സർക്കാർ സൗജന്യ ചികിത്സാ പദ്ധതിയിൽ ചെലവഴിക്കുന്നത്. നവജാത ശിശു മരണനിരക്ക് അമേരിക്കയിൽ 5.6 ശതമാനമുള്ളപ്പോൾ കേരളത്തിൽ അഞ്ച് ശതമാനമാണ്. കോവിഡിന് മുന്നിൽ വലിയ സാമ്പത്തിക സ്ഥിതിയുള്ള രാഷ്ട്രങ്ങൾ പോലും പകച്ചപ്പോൾ കേരളം ഒരുക്കിയ പൊതുജന ആരോഗ്യ സമ്പ്രദായം കോവിഡിനെ മറികടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറുകോടി രൂപ ചെലവിലാണ് ആയുർവ്വേദ ആശുപത്രി കെട്ടിടം നിർമ്മിച്ചത്. ആശുപത്രിയിൽ കിടത്തി ചികിത്സ ലഭ്യമാക്കുന്ന തരത്തിലാണ് 30 കിടക്കകളുള്ള പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ അധ്യക്ഷനായി.
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സവിത സി റിപ്പോർട്ട് അവതരിപ്പിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷെർളി, ജില്ലാപഞ്ചായത്ത് അംഗം അനുശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ജസീന, വാർഡ് അംഗം എ.സി.റീന, ഡി.എം.ഒ ഡി.സി.ദീപ്തി, ഡോ.അരുൺ ബാലൻ, ഡോ. കെ.സി.അജിത് കുമാർ, പിണറായി പഞ്ചായത്ത് സെക്രട്ടറി ലിവിൻ വിൻസെന്റ് , മുൻ എം.പി.കെ.കെ.രാഗേഷ് , കെ.ശശിധരൻ, സി.എൻ.ചന്ദ്രൻ, വി.എ.നാരായണൻ, വി.കെ.ഗിരിജൻ, എൻ.പി.താഹിർ, കോങ്കി രവീന്ദ്രൻ, കെ.കെ. രാജീവൻ, ടി.സുധീർ എന്നിവർ സംസാരിച്ചു.
- Log in to post comments