Skip to main content

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്ഥാപന വിവരങ്ങൾ സോഫറ്റ് വെയറിൽ ഉൾപ്പെടുത്തണം

 

നിയമസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഓർഡർ' സോഫറ്റ് വെയറിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു. മാർച്ച് 20നകം ഈ പ്രക്രിയ പൂർത്തീകരിച്ച് അക്‌നോളജ്മെന്റ് ജനറേറ്റ് ചെയ്യണം. തദ്ദേശ സ്ഥാപന പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളുടെയും വിവരങ്ങൾ സോഫ്റ്റ് വെയറിൽ  രേഖപെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം. കൂടാതെ, സ്ഥാപനങ്ങൾ രേഖപ്പെടുത്തിയതും സമർപ്പിച്ചതുമായ വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തി മാർച്ച് 21നകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് ഓർഡർ സോഫ്റ്റ് വെയറിൽ  സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ചുമതല. അതത് തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥാപന മേധാവികൾക്ക് ലഭ്യമാവുന്ന യൂസർ ഐ.ഡിയും, പാസ് വെർഡും ഉപയോഗിച്ച് സ്ഥാപന മേധാവികൾ ജിവനക്കാരുടെ വിവരങ്ങൾ ഓർഡർ സോഫറ്റ് വെയറിൽ നൽകണം. https://order.ceo.kerala.gov.in എന്ന വെബ് സൈറ്റിൽ നേരിട്ടും സ്ഥാപന മേധാവികൾക്ക് ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്താം. 
കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംസ്ഥാന കോർപ്പറേഷനുകൾ, ബോർഡുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ, യൂനിവേഴ്‌സിറ്റികൾ, പി.എസ്.സി, എയ്ഡഡ് കോളേജുകൾ/സ്‌കൂളുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ചീഫ് ഇലക്ടറൽ ഓഫീസറുടെ പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടാൻ അർഹതയുള്ള ജീവനക്കാരുടെ വിശദാംശങ്ങൾ തെളിവ്/മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം സ്റ്റാഫ് ലിസ്റ്റിന്റെ ഹാർഡ് കോപ്പിയും പൂർത്തീകരണത്തിന്റെ അക്‌നോളജ്‌മെന്റും തദ്ദേശ സ്ഥാപന സെക്രട്ടറിയെ ഏൽപ്പിക്കണം .
പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനായി എൻഐസി വികസിപ്പിച്ചതാണ് വെബ് അധിഷ്ഠിത 'ഓർഡർ' സോഫ്റ്റ് വെയർ.
ജില്ലയിൽ ആകെ 2177 പോളിംഗ് സ്റ്റേഷനുകളാണുളളത്. പോളിംഗ് ഉദ്യോഗസ്ഥരുടെ ആകെ ആവശ്യകതയുടെ 40 ശതമാനം പ്രാരംഭ റിസർവ്വായി നിശ്ചയിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും നോഡൽ ഓഫീസർമാർക്കും മാർച്ച് 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈൻ പരിശീലനം നൽകും.

date