വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കും ; അവലോകന യോഗം ചേർന്നു
ജില്ലയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. ഇന്ധന കമ്പനി പ്രതിനിധികളെയും വിതരണക്കാരെയും ഉപയോക്താക്കളെയും സംഘടിപ്പിച്ചുകൊണ്ട് ചേർന്ന യോഗത്തിൽ ജില്ലയിലെ നിലവിലെ സാഹചര്യം വിലയിരുത്തി.
മുൻഗണനാ അടിസ്ഥാനത്തിൽ ആശുപത്രികൾ, സ്കൂളുകൾ, സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ വരുന്ന ക്ഷേമ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് സിലിണ്ടറുകൾ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
സിലിണ്ടറുകളുടെ വിതരണം സുഗമമാക്കുന്നതിനായി കേരള എൽപിജി സപ്ലൈ ട്രാക്കർ എന്ന പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. ഇന്ധന കമ്പനി പ്രതിനിധികൾ, വിതരണക്കാർ, ഉപയോക്താക്കൾ എന്നിവർക്ക് ഈ പോർട്ടലിൽ ആക്സസ് (പ്രവേശനം) ഉണ്ടായിരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുൻഗണനാക്രമം നിശ്ചയിച്ച് സിലിണ്ടറുകൾ അനുവദിക്കുന്നത്.
വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ ഉൽപാദനം ഒരു നിശ്ചിത ശതമാനം വർദ്ധിപ്പിക്കുന്നതിനും പോർട്ടലിലൂടെ ലഭ്യമായ ആവശ്യകതയുടെ അടിസ്ഥാനത്തിൽ വിതരണം ആരംഭിക്കുന്നതിനും പൊതുവിതരണ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ജില്ലയിലെ എഴ് താലൂക്കുകളിലായി ഒമ്പത് സ്ക്വാഡുകൾ എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വിന്യസിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ 100 കിലോഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം കേസുകളിൽ അവശ്യസാധന നിയമം പ്രകാരം കേസ് എടുക്കുന്നതിന് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതും നിയമ വിരുദ്ധമാണ്. ഇത്തരം കേസുകളിൽ നിയമപ്രകാരം നടപടി സ്വീകരിക്കും. അവധി ദിവസങ്ങളിൽ അടക്കം ഇത്യമായി ബന്ധപ്പെട്ട മോണിറ്ററിംഗ് സെല്ലുകൾ ജില്ലാ സപ്ലൈ ഓഫിസുകളിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും പ്രവർത്തിച്ചു വരുന്നുണ്ട്.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ എസ്. ആർ സ്മിത, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments