നിയമസഭാ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകർ ജില്ലയിലെ സാഹചര്യം വിലയിരുത്തി
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി എത്തിച്ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കേന്ദ്ര നിരീക്ഷകരായ നീരജ് കുമാർ, അങ്കിത കാർ, സാഹിൽ സേത്ത്, അജയ് കുമാർ ജാ എന്നിവരാണ് ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയത്.
തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സുഗമവുമായി നടത്തുന്നതിനു ജില്ലയിൽ സജ്ജമാക്കിയിട്ടുള്ള വിപുലമായ ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിരീക്ഷകർക്ക് വിശദീകരിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളുടെ ഏകോപനവും സുരക്ഷാ സജ്ജീകരണങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
അനധികൃത പണമിടപാട്, ആയുധക്കടത്ത്, ലഹരിക്കടത്ത് എന്നിവ തടയുന്നതിനും പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി ജില്ലയിൽ കർശന പരിശോധനകൾ നടന്നുവരുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പരിശോധനകൾക്കായി ജില്ലയിലുടനീളം
ഫ്ളെയിങ് സ്ക്വാഡ്,
നിശ്ചിത കേന്ദ്രങ്ങളിൽ വാഹന പരിശോധനയും പണമിടപാടുകളും നിരീക്ഷിക്കാൻ
വീഡിയോ സ്റ്റാറ്റിക് സർവെയലൻസ് ടീം, തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ചെലവുകൾ വീഡിയോ സഹിതം രേഖപ്പെടുത്താൻ സർവെയലൻസ് ടീം,
പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകൾ, ബാനറുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിനും ചട്ടലംഘനങ്ങൾ തടയുന്നതിനും ആന്റി ഡിഫേസ്മെന്റ് ടീം എന്നിവയെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യങ്ങൾ വരുന്നുണ്ടെങ്കിൽ അവ ബന്ധപ്പെട്ട പാർട്ടിയുടെയോ അല്ലെങ്കിൽ സ്ഥാനാർഥിയുടെയോ ചെലവിൽ ഉൾപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ കുട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിരീക്ഷകർ നിർദ്ദേശം നൽകി.
- Log in to post comments