Skip to main content

രാഷ്ട്രീയ പാർട്ടികൾക്ക് ഡിജിറ്റൽ ടൈം വൗച്ചർ അനുവദിച്ചു

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദൂരദർശൻ, ആകാശവാണി എന്നിവയിലൂടെ ദേശീയ, സംസ്ഥാനതലത്തിൽ അംഗീകൃതമായ രാഷ്ട്രീയ പാർട്ടികൾക്ക് പ്രക്ഷേപണ, സംപ്രേഷണ സമയം അനുവദിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പുകൾ നടക്കുന്ന കേരളം, അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ രാഷ്ട്രീയ പാർട്ടികൾക്കാണ് ഐടി പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ ടൈം വൗച്ചർ അനുവദിച്ചത്. യോഗ്യരായ രാഷ്ട്രീയ പാർട്ടികൾക്ക് ദൂരദർശനിലും ആകാശവാണിയിലും 45 മിനിറ്റ് സമയമുള്ള സൗജന്യ പ്രക്ഷേപണ, സംപ്രേഷണം നടത്താം. മുൻ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ പാർട്ടികൾക്ക് അധിക സമയം അനുവദിച്ചിട്ടുണ്ട്.

 

രാഷ്ട്രീയ പാർട്ടികളുടെ അംഗീകൃത പ്രതിനിധികളുടെയും അതത് സംസ്ഥാന ഓഫീസിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെയായിരിക്കും പ്രക്ഷേപണം, സംപ്രേഷണം നടത്തുന്ന സമയം ഷെഡ്യൂൾ ചെയ്യുന്നത്. സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി മുതൽ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പുവരെയാണ് പ്രക്ഷേപണ, സംപ്രേഷണ കാലയളവ്.

 

രാഷ്ട്രീയ പാർട്ടികൾ പ്രസാർ ഭാരതി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ റെക്കോർഡിംഗുകളും ട്രാൻസ്ക്രിപ്റ്റുകളും മുൻകൂട്ടി സമർപ്പിക്കണം. പ്രസാർ ഭാരതി നിർദ്ദേശിക്കുന്ന സ്റ്റുഡിയോകളിലോ ദൂരദർശൻ, ആകാശവാണി കേന്ദ്രങ്ങളിലോ റെക്കോർഡിംഗുകൾ നടത്താം. രാഷ്ട്രീയ പാർട്ടി പ്രക്ഷേപണങ്ങൾക്ക് പുറമേ ദൂരദർശനിലും ആകാശവാണിയിലും രണ്ട് പാനൽ ചർച്ചകളും സംവാദങ്ങളും ഉണ്ടാകും. രാഷ്ട്രീയ പാർട്ടികൾക്ക് ഓരോ പ്രതിനിധിയെ അതിലേക്ക് നാമനിർദ്ദേശം ചെയ്യാം.

 

date