നിയമസഭാ തിരഞ്ഞെടുപ്പ് : കളമശ്ശേരിയിൽ 1650 മീറ്റർ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു; 40,000 രൂപ പിഴ
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ഹരിതചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. കളമശ്ശേരി നഗരസഭാ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ പ്രിന്റിംഗ് പ്രസ്സുകളിൽ നിന്നായി 1650 മീറ്റർ നിരോധിത പ്ലാസ്റ്റിക് ഫ്ലക്സ് പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിൽ നിന്ന് ആകെ 40,000 രൂപ പിഴ ഈടാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദ സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് പിവിസി കലർന്ന നിരോധിത ഫ്ലക്സുകൾ വ്യാപകമായി അച്ചടിക്കുന്നത് കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കൾ നഗരസഭയ്ക്ക് കൈമാറി.
പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവയ്ക്ക് കോട്ടൺ തുണി, പേപ്പർ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. പുനരുപയോഗിക്കാൻ കഴിയുന്ന പോളിഎത്തീലിൻ മാത്രമേ ഉപയോഗിക്കാവു. അതിൽ റീസൈക്കിൾ ലോഗോയും പിസിബിയുടെ സർട്ടിഫിക്കറ്റും പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേരും നിർബന്ധമായും ഉണ്ടായിരിക്കണം. പിവിസി കോട്ടിംഗ് ഉള്ള ഫ്ലക്സുകൾ, പോളിസ്റ്റർ തുണികൾ എന്നിവയ്ക്ക് പൂർണ്ണ നിരോധനമുണ്ട്.
വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. നിയമലംഘനം നടത്തുന്ന പ്രിന്റിംഗ് പ്രസ്സുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
- Log in to post comments