Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഹരിതചട്ടം കർശനം

നിയമസഭാ തിരഞ്ഞെടുപ്പ് പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ  ഹരിതചട്ടം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു. 

ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന തഹസിൽദാർമാർ, റിട്ടേണിംഗ് ഓഫീസർമാർ, ഹരിതചട്ടം നോഡൽ ഓഫീസർമാർ എന്നിവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്.

 തിരഞ്ഞെടുപ്പ് പ്രക്രിയ പരിസ്ഥിതിക്ക് ഹാനികരമാകാതെ നടപ്പാക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

പോളിങ് സ്റ്റേഷനുകൾ, വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ, ട്രെയിനിംഗ് സെന്ററുകൾ, വിതരണ-സ്വീകരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും  ഡിസ്പോസിബിൾ വസ്തുക്കളും പൂർണ്ണമായും നിരോധിച്ചു. 

പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ബാനറുകൾ എന്നിവക്ക് പകരം പുനരുപയോഗിക്കാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
എല്ലാ കേന്ദ്രങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കാൻ പ്രത്യേക ബിന്നുകൾ സ്ഥാപിക്കും. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി നൽകുന്ന ചാക്കുകളിൽ ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിലേക്ക് മാറ്റും. മാലിന്യങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കാൻ ഹരിത കർമസേനാംഗങ്ങളെ നിയോഗിക്കും.
പൊതുസ്ഥലങ്ങളിൽ ഹരിതചട്ടം ലംഘിച്ച് സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് തോരണങ്ങൾ, ബാനറുകൾ, ബോർഡുകൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഇവ നീക്കം ചെയ്യുന്നതിനുള്ള ചെലവ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളിൽ നിന്നോ വ്യക്തികളിൽ നിന്നോ ഈടാക്കും.

 തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന പുനരുപയോഗിക്കാവുന്ന കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് 'ഇലക്ഷൻ സ്മരണിക' നിർമ്മിക്കുന്നതിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ക

ഓരോ കേന്ദ്രത്തിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി. മാലിന്യത്തിന്റെ അളവ് ദിവസേന രേഖപ്പെടുത്തണം. ചട്ടങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ നൽകും.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വകുപ്പുകളും ഒരുമിച്ച് പ്രവർത്തിച്ച് ഹരിത തിരഞ്ഞെടുപ്പ് വിജയിപ്പിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. 

ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റർ ഡോ. ശീതൾ ജി. മോഹൻ ഹരിതചട്ടം നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

നവകേരളം മിഷൻ ജില്ലാ കോഡിനേറ്റർ എസ് രഞ്ജിനി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി എം റെജീന, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ സുബിൻ ബേബി, മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോ- കോഡിനേറ്റർ കെ കെ രവി, ജില്ലാ ശുചിത്വം മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ കെ ജെ ലിജി  എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date