നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കണം
നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഹരിതചട്ടം കര്‍ശനമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ മാതൃകയില്‍ പ്ലാസ്റ്റിക്-പിവിസി വിമുക്ത തിരഞ്ഞെടുപ്പ് പ്രചരണമാണ് ലക്ഷ്യം. പ്രചരണ ബോര്‍ഡ്, ബാനര്‍, ഹോര്‍ഡിംഗ്സ് എന്നിവയ്ക്ക് പി.വി.സി ഫ്‌ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍, പ്ലാസ്റ്റിക് കോട്ടിംഗ് തുണി എന്നിവ ഉപയോഗിക്കരുത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ച പുനഃചംക്രമണം ചെയ്യാവുന്ന പോളി എത്തലീന്‍, 100ശതമാനം കോട്ടണ്‍ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കാം. കൊടിതോരണം പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാകണം. റോഡ് ഷോ, കണ്‍വെന്‍ഷന്‍, പൊതുയോഗം എന്നിവയില്‍ പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കണം. പോളിംങ് സ്റ്റേഷന്‍, വോട്ടെണ്ണല്‍ കേന്ദ്രം എന്നിവിടങ്ങളിലെ മാലിന്യം തരംതിരിച്ച് ശേഖരിക്കാന്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം ലംഘിച്ച് സ്ഥാപിക്കുന്ന കമാനം, ബോര്‍ഡ് എന്നിവ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിക്ക് നീക്കം ചെയ്യാം. നീക്കം ചെയ്യാനുള്ള ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കാം. കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരം കടുത്ത പിഴയും ശിക്ഷാ നടപടിയും സ്വീകരിക്കും.
- Log in to post comments