സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മാതൃകാപെരുമാറ്റ ചട്ടം പാലിക്കണം: കളക്ടർ
സുതാര്യവും സമാധാനപരവുമായ തിരഞ്ഞെടുപ്പിന് മാതൃകാ പെരുമാറ്റച്ചട്ടം എല്ലാവരും പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അനു കുമാരി. കളക്ടറേറ്റ് കോൺഫറസ് ഹാളിൽ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര നിരീക്ഷകരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.
രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പാലിക്കേണ്ട ചട്ടങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പബ്ലിക് മീറ്റിംഗുകൾ, റാലികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സുവിധ പോർട്ടലിൽ അപേക്ഷ നൽകി മുൻകൂറായി അനുമതി വാങ്ങേണ്ടതുണ്ട്. രാത്രി 10 മുതൽ രാവിലെ ആറ് മണി വരെ ശബ്ദപ്രചാരണം പാടില്ല. പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പായി നിശബ്ദപ്രചാരണത്തിലേക്ക് കടക്കണം. നിശബ്ദ പ്രചാരണസമയത്ത് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമുള്ള പ്രചാരണങ്ങളും കർശനമായി അവസാനിപ്പിക്കണം.
പ്രചാരണത്തിന്റെ ഭാഗമായി പൊതുമുതലുകൾ ഒരുകാരണവശാലും നശിപ്പിക്കാൻ പാടില്ല. സ്വകാര്യവ്യക്തികളുടെ വസ്തു പ്രചാരണത്തിനു ഉപയോഗിച്ചാൽ ഉടമയുടെ അനുമതി എഴുതി വാങ്ങി സൂക്ഷിക്കേണ്ടതാണ്. ഏപ്രിൽ ഏഴിന് വൈകിട്ട് 6 മണി മുതൽ നിശബ്ദ പ്രചാരണം ആരംഭിക്കും.
ജില്ലയിൽ ഇത്തവണ 68 ലൊക്കേഷനുകളിലായി 110 ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകളാണുള്ളത്. പതിവ് സുരക്ഷയ്ക്കും വെബ്കാസ്റ്റിംഗിനും പുറമെ ഇത്തവണ മൈക്രോ ഒബ്സർമാരെയും പ്രത്യേകമായി വിന്യസിക്കും
ജില്ലയിൽ ഇക്കുറി പൂർണമായും ഭിന്നശേഷി ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ഒരു പി ഡബ്ല്യു ഡി പോളിംഗ് സ്റ്റേഷനും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന 14 പിങ്ക് പോളിംഗ് സ്റ്റേഷനുകളുമുണ്ട്.
ഈ മാസം 30 മുതൽ ഏപ്രിൽ നാല് വരെയാണ് ഹോം വോട്ടിംഗിനുള്ള അവസരം. പോളിംഗ് ദിനത്തിൽ 90 മിനിട്ടിന് മുമ്പായി ഇത്തവണ മോക്ക് പോളിംഗ് ആരംഭിക്കും. ഉദ്യോഗസ്ഥർ അതിനു മുന്നേ ബൂത്തുകളിൽ എത്തിച്ചേരേണ്ടതുണ്ടെന്ന് കേന്ദ്ര നിരീക്ഷകർ നിർദ്ദേശം നൽകി.
പൊതുനിരീക്ഷകരായ ആശിഷ് ജോഷി, യാലഗൗഡ ശിവാനഗൗഡ, രവികുമാർ അറോറ, ഗോപാൽ മീണ, ചെലവ് നിരീക്ഷകരായ ഉമേഷ് കുമാർ, കെ വീരമണി, പ്രമോദ് എ നിഖാൽജെ, ലോകേഷ് സിംഖാല പൊലീസ് നിരീക്ഷകനായ സ്വപ്നിൽ മാംഗെയിൻ, സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക്, റൂറൽ എസ് പി ജുവനപുടി മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments