Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് 2026: പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ ജില്ലയിൽ പൂർത്തിയായി. തിരഞ്ഞെടുപ്പ് പൊതുനീരിക്ഷകരായ പി മോഹൻ ഗാന്ധി, പദും സിംഗ് അൽമ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തീകരിച്ചു. 

ജില്ലയിലെ 1898 പോളിങ് ബൂത്തുകളിക്ക് 20 ശതമാനം റിസർവ് ജീവനക്കാർ ഉൾപ്പെടെ 9116 ജീവനക്കാരെയാണ് രണ്ടാംഘട്ട റാൻഡമൈസേഷനിൽ നിയോഗിച്ചത്. 2279 പ്രിസൈഡിങ് ഓഫീസർമാർ, 2279 ഫസ്റ്റ് പോളിങ് ഓഫീസർമാർ, 4558 പോളിങ് ഓഫീസർമാർ എന്നിവരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇവരെ നിയോഗിച്ചുകൊണ്ടുള്ള നിയമന ഉത്തരവ് ഓർഡർ വെബ് സൈറ്റിൽ ലഭ്യമാണ്. നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് ഉത്തരവ് സംബന്ധിച്ച് എംസ്എംസ് ലഭിക്കും. ഓർഡർ വെബ് സൈറ്റിലെ എംപ്ലോയി കോർണർ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതുമാണ്. പോളിംഗ് ഡ്യൂട്ടിക്ക് എത് അസംബ്ളി സെഗ്മെൻറിലേക്കാണ് നിയോഗിച്ചിരിക്കുന്നതെന്ന് ഉത്തരവിലുണ്ട്. വകുപ്പ്, സ്ഥാപനമേധാവികൾക്ക് നിയമന ഉത്തരവ് order.ceo.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാവും.  

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം മാർച്ച് 31 മുതൽ ആരംഭിക്കും. രാവിലെ 10 മുതൽ 5 മണി വരെ രണ്ട് സെഷനുകളിലായാണ് പരിശീലനം. അരൂർ നിയോജക മണ്ഡലത്തിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പള്ളിപ്പുറം എൻഎസ്എസ് കോളേജിലും ചേർത്തല മണ്ഡലത്തിലേത് സെന്റ് മൈക്കിൾസ് കോളേജിലും ആലപ്പുഴയിലേത് എസ് ഡി കോളേജ് കൊമേഴ്സ് ബ്ലോക്കിലും അമ്പലപ്പുഴയിലേത് എസ് ഡി കോളേജ് ഹിന്ദി-ഹിസ്റ്ററി ബ്ലോക്കിലും കുട്ടനാട് മണ്ഡലത്തിലേത് ചമ്പക്കുളം സെന്റ് മേരീസ് എച്ച് എസ് എസിലും ഹരിപ്പാട് മണ്ഡലത്തിലേത് നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ വെസ്റ്റ് വിങ്ങിലും കായംകുളം മണ്ഡലത്തിലേത് നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ ഈസ്റ്റ് വിങ്ങിലും മാവേലിക്കര മണ്ഡലത്തിലേത് ബിഷപ്പ് മൂർ കോളേജിലും ചെങ്ങന്നൂരിലേത് കൃസ്ത്യൻ കോളേജിലും നടക്കും. 

യോഗത്തിൽ എഡിഎം ബി ജ്യോതി, തിരഞ്ഞെടുപ്പ് ഡെ. കളക്ടർ പി എൻ അനി, ഡെ. കളക്ടർ ജേ മോബി, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ കെ മോഹൻ, സൂപ്രണ്ടുമാരായ പി എ ഗ്ലാഡ് വിൻ, രമ്യ എസ് നമ്പൂതിരി, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date