സിംഹാസനത്തിലിരുന്ന് വോട്ടര്‍മാര്‍; ചേര്‍ന്നുനിന്ന് കലക്ടറും അസിസ്റ്റന്റ് കലക്ടറും
ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെയും അസി. കലക്ടര്‍ ഡോ. മോഹനപ്രിയയുടെയും സാന്നിധ്യത്തില്‍ ജനകീയ സിംഹാസനത്തിലിരുന്ന് വോട്ടര്‍മാര്‍. കോഴിക്കോട് മിഠായി തെരുവിലെ എസ്.കെ പൊറ്റെക്കാട് പ്രതിമക്ക് സമീപമാണ് കൗതുകമുണര്‍ത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണം അരങ്ങേറിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്വീപ്പ് സെല്ലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യത്തിലെ യഥാര്‍ഥ അധികാരികള്‍ ജനങ്ങളാണെന്ന സന്ദേശം കൈമാറുന്നതായിരുന്നു പരിപാടി. നമ്മള് തിരഞ്ഞെടുക്കുന്നത് നമ്മുടെ സേവകരെയാണെന്നും നാടിന്റെ വിധി നിര്‍ണയിക്കുന്നത് വോട്ടെടുപ്പെന്ന മഹത്തായ പ്രക്രിയയാണെന്നുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ കൈമാറുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
വിവിധ പ്രായത്തിലുള്ളവര്‍ സിംഹാസനത്തിലിരുന്ന് പ്രചാരണത്തില്‍ പങ്കാളികളായി. അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള ഒപ്പീനിയന് വാളും ഇലക്ടറല്‍ ഓഫീസ് തയാറാക്കിയ ഇലക്ഷന് ക്വസ്റ്റും ഗെയിം ബോര്‍ഡും ഒരുക്കിയിരുന്നു. ജില്ലാ കലക്ടറുടെ ഇന്റേണ്‍സിന്റെ ഫ്ളാഷ് മോബും അരങ്ങേറി. സ്വീപ്പ് സെല്‍ അസി. നോഡല്‍ ഓഫീസര്‍ ഡോ. എ നിജീഷ് സംബന്ധിച്ചു.
- Log in to post comments