Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്:  ജില്ലയില്‍ എക്സൈസ് റെയ്ഡുകള്‍ ശക്തം

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ എക്സൈസ് റെയ്ഡുകള്‍ ശക്തമാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി എന്‍ സുധീര്‍ അറിയിച്ചു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് 159 അബ്കാരി കേസുകളും, 74 മയക്കുമരുന്ന് കേസുകളിലുമായി 189 പ്രതികളെ അറസ്റ്റ് ചെയ്തു.

അബ്കാരി കേസുകളിലായി 500.765 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 9.100 ലിറ്റര്‍ ബിയര്‍, 19 ലിറ്റര്‍ ചാരായം, ഒരു ലിറ്റര്‍ വ്യാജ മദ്യം, 3488 ലിറ്റര്‍ വാഷ്, 562 ലിറ്റര്‍ കള്ള്, 38.250 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളില്‍ 147.588 കി.ഗ്രാം കഞ്ചാവ്, 90.640 ഗ്രാം മെത്താംഫിറ്റമിന്‍, 200 ട്രമഡോള്‍ ഗുളികകളും, 111.861 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. 1003 കള്ള് ഷാപ്പുകളും, 59 ബാറുകളിലും നടത്തിയ പരിശോധനയില്‍ 141 കള്ള് സാമ്പിളുകളും, 20 ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ സാമ്പിളുകളും ശേഖരിച്ചു.

എക്സൈസ് വകുപ്പ് മാര്‍ച്ച് ഒന്ന് മുതല്‍ പെരുമാറ്റച്ചട്ടം കഴിയുന്നത് വരെ നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ തമിഴ്നാട് അതിര്‍ത്തി റോഡുകളില്‍ പ്രത്യേക പട്രോളിങ്ങിനായി നാല് ടീമുകളെ നിയോഗിച്ചിട്ടുണ്ട്.  മൂന്ന് മേഖലകളിലായി തിരിച്ച് പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് - ഒന്ന് (ഒറ്റപ്പാലം, മണ്ണാര്‍ക്കാട്),  രണ്ട് (പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍), മൂന്ന് (അഗളി) എന്നിവയും പരിശോധന ഊര്‍ജിതമാക്കി.

ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം നിരീക്ഷിക്കും. എല്ലാ ഡിസ്റ്റിലറി, ബ്രിവറികളിലും ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, പൊലീസ്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുമായി ചേര്‍ന്ന് കൂടുതല്‍ സംയുക്തപരിശോധനകള്‍ ഏര്‍പ്പെടുത്തും. പൊലീസ് ഡ്വോഗ് സ്‌ക്വാഡും എക്സൈസും സംയുക്തമായി താലൂക്ക്തലത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ചെക്ക്‌പോസ്റ്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പാര്‍സല്‍- കൊറിയര്‍ സര്‍വീസ് കേന്ദ്രങ്ങളിലും പരിശോധന തുടരുന്നു. അഗളി ഭാഗത്ത് പ്രത്യേക റെയ്ഡുകള്‍ നടത്തും. അതിര്‍ത്തി വഴികളിലൂടെയുള്ള കടത്ത് കര്‍ശനമായി നിരീക്ഷിച്ച് നടപടി സ്വീകരിക്കും.
 
എക്സൈസ്- സൈബര്‍ സെല്‍ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെ മുന്‍ പ്രതികളെ നിരീക്ഷിക്കുമെന്ന് അസി. എക്സൈസ് കമ്മീഷ്ണര്‍ നിഗേഷ് അറിയിച്ചു. ചിറ്റൂര്‍ മേഖലയില്‍ കള്ള്‌ചെത്ത് തോട്ടം മേഖല കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തിപ്പെടുത്തി. ചിറ്റൂര്‍ കള്ള്‌ചെത്ത് തോട്ടങ്ങള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ പരിശോധനയ്ക്കായി രൂപീകരിച്ച ജോയിന്റ് എക്സൈസ് കമ്മീഷ്ണര്‍/ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നു.  പാലക്കാട് ജംഗ്ഷന്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ആര്‍ പി എഫുമായി പ്രത്യേക സംയുക്ത പരിശോധനകള്‍ നടത്തിവരുന്നു.  അബ്കാരി, എന്‍ ഡി പി എസ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂമിലും താലൂക്ക്തല കണ്‍ട്രോള്‍ റൂമിലും അറിയിക്കാം.

ജില്ലാതല കണ്‍ട്രോള്‍ റൂം :  155358 (ടോള്‍ ഫ്രീ), 0491 2505897, 0466 - 2244488, 9400069616 (ഒറ്റപ്പാലം എക്സൈസ് സര്‍ക്കിള്‍ ഓഫീസ്), 04924 225644, 9400069614 (മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്), 0491 2539260, 9400069430 (പാലക്കാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ്), 04623 222272, 9400069610 (ചിറ്റൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ്), 0492- 2222474, 9400069612 (ആലത്തൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ്).

date