വാർഡ്രോബിൽ ഐഡിൽ, പോളിങ് ബൂത്തിൽ വൈറൽ: ഹരിത മൊബൈൽ കീപ്പിങ് പൗച്ചുകൾ സജ്ജം
തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ പരിസ്ഥിതി സൗഹാർദ്ദപരമാക്കുന്നതിനായി ഉപയോഗശൂന്യമായ വസ്ത്രങ്ങൾ പുനരുപയോഗപ്പെടുത്തി 'ഹരിത മൊബൈൽ ഫോൺ കീപ്പിങ് പൗച്ചുകൾ' നിർമ്മിച്ച് ജില്ലാ ഭരണകൂടം. ശുചിത്വ മിഷൻ ,ഹരിത കേരളം മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
“വാർഡ്രോബിൽ ഐഡിൽ, പോളിങ് ബൂത്തിൽ വൈറൽ” എന്ന ടാഗ്ലൈനോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലോത്ത് കളക്ഷൻ ഡ്രൈവിലൂടെ ശേഖരിച്ച കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് പൗച്ചുകൾ നിർമ്മിച്ചത്.
ജില്ലയിലെ 3148 പോളിംഗ് ബൂത്തുകളിലേക്കായി ഏകദേശം 3,200 മൊബൈൽ പൗച്ചുകൾ തയ്യാറാക്കിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും പോളിങ് ബൂത്തിനകത്ത് മൊബൈൽ ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും നിരോധിച്ചതിനാലാണ് മൊബൈൽ കീപ്പിങ് പൗച്ചുകൾ ആവശ്യമായി വന്നത്. ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് പൗച്ചിൽ നിക്ഷേപിച്ച് വളണ്ടിയർമാരിൽ നിന്ന് ടോക്കൺ സ്വീകരിക്കണം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുമ്പോൾ ടോക്കൺ തിരികെ നൽകി ഫോണുകൾ കൈപ്പറ്റാം.
- Log in to post comments