തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; എല്ലാവരും വോട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടർ
ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലയിൽ പൂർത്തിയായതായി ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയാക്കി. വോട്ടിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും വിന്യാസവും ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. വോട്ടർമാർക്കായി പോളിങ് ബൂത്തുകളിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
കഴിഞ്ഞ നവംബർ നാല് മുതൽ ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും നേതൃത്വത്തിൽ വീടുകൾതോറും കയറിയിറങ്ങി പരിശോധിച്ചാണ് വോട്ടർ പട്ടിക പുതുക്കിയത്. വോട്ടെടുപ്പ് ദിവസം വോട്ടർമാർക്ക് തടസ്സമില്ലാത്ത സൗകര്യം ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന നൽകുന്ന 'ആക്സസിബിൾ ഇലക്ഷൻ' പദ്ധതിയും പരിസ്ഥിതി സൗഹൃദമായ 'ഗ്രീൻ ഇലക്ഷൻ' രീതിയും ഇത്തവണത്തെ പ്രത്യേകതയാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
വോട്ട് ചെയ്യാൻ എത്തുന്നവർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കരുതണം. വോട്ടർ ഐഡി കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള മറ്റ് രേഖകൾ ഹാജരാക്കി വോട്ട് രേഖപ്പെടുത്താവുന്നതാണ്.
"എന്റെ വോട്ട് എന്റെ അഭിമാനം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ഏപ്രിൽ ഒൻപതിന് സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
- Log in to post comments