പോളിങ് ശതമാനം 80ന് തൊട്ടടുത്ത്
സമീപ കാലത്തെ തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ആകെ 79.89% പോളിങ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് എറണാകുളം.
ജില്ലയിൽ എട്ട് മണ്ഡലങ്ങളിൽ 80 ശതമാനത്തിൽ കൂടുതൽ പോളിങ് രേഖപ്പെടുത്തി. പെരുമ്പാവൂർ - 80.4, ആലുവ -80.78, കളമശ്ശേരി - 81.59, പറവൂർ 81.96, വൈപ്പിൻ- 80.5, കൊച്ചി - 80.33, തൃപ്പൂണിത്തുറ- 81.4, കുന്നത്തുനാട് - 84. 09.
ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത് കുന്നത്തുനാട് ആണ് - 84. 09. ഏറ്റവും കുറവ് അങ്കമാലി- 75.52 ശതമാനം.
ജില്ലയിൽ ആകെ വോട്ട് ചെയ്തത് 20,00,247 പേർ
നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ജില്ലയിലെ 14 മണ്ഡലങ്ങളിലായി ആകെ 20,00,247 പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ ആകെ 25,03,848 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കുന്നത്തുനാട് മണ്ഡലത്തിൽ 1,88,291 വോട്ടർമാരിൽ 1,58,339 പേർ വോട്ട് ചെയ്തു. പറവൂർ മണ്ഡലത്തിൽ 1,91,646 വോട്ടർമാരിൽ 1,57,083 പേരും, കളമശ്ശേരിയിൽ 1,97,712 പേരിൽ 1,61,327 പേരും, തൃപ്പൂണിത്തുറയിൽ 1,87,923 വോട്ടർമാരിൽ 1,52,982 പേരും വോട്ട് രേഖപ്പെടുത്തി. ആലുവയിൽ 1,94,360 വോട്ടർമാരിൽ 1,57,008 പേരും, വൈപ്പിനിൽ 1,61,285 വോട്ടർമാരിൽ 1,29,830 പേരും, പെരുമ്പാവൂരിൽ 1,80,299 വോട്ടർമാരിൽ 1,44,957 പേരും ബൂത്തുകളിലെത്തി വോട്ട് ചെയ്തു. കൊച്ചി മണ്ഡലത്തിൽ 1,65,675 വോട്ടർമാരിൽ 1,33,085 പേരും, കോതമംഗലത്ത് 1,71,968 പേരിൽ 1,36,371 പേരും, തൃക്കാക്കരയിൽ 1,76,387 വോട്ടർമാരിൽ 1,39,077 പേരും വോട്ട് രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തിൽ 1,36,223 വോട്ടർമാരിൽ 1,06,490 പേരും, മൂവാറ്റുപുഴയിൽ 1,86,254 വോട്ടർമാരിൽ 1,45,484 പേരും, പിറവത്ത് 1,95,421 വോട്ടർമാരിൽ 1,49,361 പേരും ഇക്കുറി സമ്മതിദാനാവകാശം വിനിയോഗിച്ചു. അങ്കമാലി മണ്ഡലത്തിൽ 1,70,404 വോട്ടർമാരുള്ളതിൽ 1,28,853 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ടെടുപ്പ് ദിനമായ ഇന്നലെ (ഏപ്രിൽ 9) രാത്രി 12 ഓടെ എല്ലാ ബൂത്തുകളിൽ നിന്നും പോളിങ് സാമഗ്രികൾ തിരികെ അതത് കളക്ഷൻ സെന്ററുകളിൽ എത്തിക്കുകയും തുടർന്ന് അവ ഇന്ന് ( ഏപ്രിൽ 10) രാവിലെ പത്തോടെ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റുകയും ചെയ്തതായി ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എസ് ശ്രീകല പറഞ്ഞു.
പഴുതടച്ച നിരീക്ഷണം
തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ ജില്ലയിലെ 14 മണ്ഡലങ്ങളിലും 9 വീതം ഫ്ലയിംഗ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവെയിലൻസ് ടീമുകളും 24 മണിക്കൂറും നിരീക്ഷണ സജ്ജരായി രംഗത്തുണ്ടായിരുന്നു.
അനധികൃതമായി സ്ഥാപിച്ച 50184 പ്രചാരണ ബോർഡുകളും സാമഗ്രികളും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.
പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി- വിജിൽ ആപ്പിലൂടെ ലഭിച്ച 19372 പരാതികളും സമയബന്ധിതമായി പരിഹരിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പോളിങ് ദിനം വരെ 24 ദിവസം സാമൂഹ്യ മാധ്യമങ്ങൾ ടെലിവിഷൻ ചാനലുകൾ പത്രമാധ്യമങ്ങൾ എന്നിവ ഇടതടവില്ലാതെ നിരീക്ഷിച്ച് എംസിഎംസി ( മീഡിയ സർട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി). ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. ബി ബിജുവിന്റെ നേതൃത്വത്തിലാണ് ടീം പ്രവർത്തിച്ചിരുന്നത്
മിഴിചിമ്മാതെ ക്യാമറകണ്ണുകൾ
വോട്ടെടുപ്പ് നാളിൽ ജില്ലയിലെ ഒരു ഓക്സിലറി ബൂത്ത് ഉൾപ്പെടെ 3149 ബൂത്തുകളും നിരീക്ഷണ വലയത്തിലാക്കി കളക്ടറേറ്റിൽ പ്രവർത്തിച്ച വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം. ബൂത്തുകൾക്കുള്ളിലെ ഓരോ ചലനവും തത്സമയം നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങൾ ക്രോഡീകരിക്കാനും സാധിച്ചതോടെ പരാതികൾക്കിടയില്ലാത്ത വിധം തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ സാധിച്ചു.
ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും ഇത്തവണ എ.ഐ ഇന്റഗ്രേറ്റഡ് വെബ്കാസ്റ്റിംഗ് സംവിധാനമാണ് ഒരുക്കിയിരുന്നത്. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബൂത്തിന് അകത്തും പുറത്തുമായി രണ്ട് ക്യാമറകൾ വീതം സ്ഥാപിച്ചായിരുന്നു നിരീക്ഷണം. ഇന്റർനെറ്റ് സംവിധാനം ലഭ്യമല്ലാതിരുന്ന ആറ് ഷാഡോ ബൂത്തുകളിൽ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും റെക്കോർഡ് ചെയ്യാനും വിവരങ്ങൾ തത്സമയം കൺട്രോൾ റൂമിൽ ശേഖരിക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. പ്രശ്നബാധിത ബൂത്തുകളിൽ റിട്ടേണിങ് ഓഫീസർമാരുടെ നിർദ്ദേശപ്രകാരം കൂടുതൽ ക്യാമറകളും സജ്ജീകരിച്ചിരുന്നു.
കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽ ഓരോ നിയോജകമണ്ഡലത്തിനും മൂന്ന് ടെലിവിഷനുകളും ലാപ്ടോപ്പുകളും വീതമാണ് വെബ്കാസ്റ്റിംഗിനായി ഉപയോഗിച്ചത്. പോളിങ് ശതമാനം വേഗത്തിൽ ക്രോഡീകരിക്കുന്നതിന് പ്രോ ആപ്പും വോട്ടെടുപ്പ് ദിവസം സജീവമായിരുന്നു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക കൺട്രോൾ റൂമിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിച്ചു. ഐ.ടി നോഡൽ ഓഫീസർ നിതിൻ കെ. സതീഷ്, വെബ്കാസ്റ്റിംഗ് നോഡൽ ഓഫീസർ ചിഞ്ചു സുനിൽ ദത്ത് എന്നിവർ നിരീക്ഷണ സംവിധാനങ്ങൾ ഏകോപിപ്പിച്ചു.
വനിതാ ശിശു സൗഹൃദ തിരഞ്ഞെടുപ്പ്
എല്ലാം ബൂത്തുകളിലും മിനി ക്രഷ് സൗകര്യം, കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ, മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക മുറികൾ, ഗർഭിണികൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിശ്രമിക്കാനുള്ള ഇടങ്ങൾ എന്നിവ ഒരുക്കിയിരുന്നു.
കൂൾ ആൻഡ് ഗ്രീൻ ഇലക്ഷൻ
വോട്ട് ചെയ്യാൻ ബൂത്തിൽ എത്തുന്ന വോട്ടർമാർക്ക് ചൂടിൽ നിന്നും രക്ഷ നേടാൻ ഓരോ ബൂത്തിലും തണ്ണീർ പന്തലുകൾ സജ്ജീകരിച്ചിരുന്നു. കൂടാതെ ഫോൺ സൂക്ഷിക്കുന്നതിനായി ഹരിത പൗച്ചുകളും ഒരുക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനൊപ്പം ഉപയോഗിച്ച പ്ലാസ്റ്റിക്കുകളും പേപ്പറുകളും പുനരുപയോഗിക്കുന്നതിനുള്ള പദ്ധതിയും ജില്ലാ ഭരണകൂടം ആവിഷ്കരിച്ച് വരികയാണ്.
- Log in to post comments