Skip to main content

സെൻസസ്: ഓഫീസർമാർക്ക് പരിശീലനം നൽകി

 #ഡിജിറ്റലായി വിവരശേഖരണം നടത്തുന്ന രാജ്യത്തെ ആദ്യ സെൻസസ്#

2027 സെൻസസുമായി ബന്ധപ്പെട്ട് ജില്ലാ ഓഫീസർമാർക്കും ചാർജ്ജ് ഓഫീസർമാർക്കും പരിശീലനം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. സെന്‍സസിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ബാച്ചുകളിലായി ഏപ്രില്‍ 25 വരെയാണ് പരിശീലനം സംഘടിപ്പിച്ചിരിയ്ക്കുന്നത്. സെന്‍സസ് ഡയറക്ടറേറ്റില്‍ നിന്നുള്ള അസിസ്റ്റന്റ് സെന്‍സസ് ഡയറക്ടര്‍ സുരേഷ്, ഇന്‍വസ്റ്റിഗേറ്റര്‍ രഞ്ജു എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോ​ഗിച്ചാണ് ഇത്തവണ സെൻസസ് നടത്തുന്നത്. ഡിജിറ്റൽ ടൂളുകൾ ഉപയോ​ഗിച്ച് സെൻസസ് നടത്തുന്നതിനാൽ ഓഫീസർമാർക്ക് ജോലി ഭാരം കുറയും.

എന്യൂമറേറ്റര്‍മാര്‍ സ്വന്തം സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് കുടുംബങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ നിര്‍ദ്ദിഷ്ട വെബ് പോര്‍ട്ടലുകള്‍ വഴി കുടുംബങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ നടത്തുന്നതിനുള്ള അവസരവും നല്‍കും. എന്യൂമറേറ്റര്‍മാരുടേയും സൂപ്പര്‍വൈസര്‍മാരുടേയും സ്ഥിരീകരണത്തിന് ശേഷമായിരിക്കും സെല്‍ഫ് എന്യൂമറേഷനിലൂടെ സമര്‍പ്പിക്കുന്ന എല്ലാ ഡേറ്റയുടേയും കൃത്യതയും പൂര്‍ണ്ണതയും ഉറപ്പാക്കുന്നത്.

സെന്‍സസിന്റെ ഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും, വീടുകളുടെ അവസ്ഥ, കുടുംബത്തിന്റെ സൗകര്യങ്ങള്‍, ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അടിസ്ഥാനപരമായി ശേഖരിക്കുക. വീടുകളുടെ പട്ടിക തയ്യാറാക്കല്‍ ജൂലൈ 1 മുതല്‍ 30 വരെയും സെല്‍ഫ് എന്യൂമറേഷന്‍ 2026 ജൂണ്‍ 16 മുതല്‍ 30 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സെന്‍സസ്-2027 എച്ച്.എൽ.ഒ  എന്ന മൊബൈല്‍ ആപ്പാണ് ഡിജിറ്റല്‍ ഡേറ്റാ ശേഖരണത്തിന് ഉപയോഗിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ജനസംഖ്യാ കണക്കെടുപ്പാണ് നടക്കുന്നത്. ഇത് 2027 ഫെബ്രുവരിയിൽ നടക്കും.

ജില്ലാ കളക്ടറാണ് ജില്ലയിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ. എഡിഎം ജില്ലാ സെൻസസ് ഓഫീസറായി പ്രവർത്തിക്കും. ഡെപ്യൂട്ടി ജില്ലാ സെൻസസ് ഓഫീസർമാരായി 7 പേർ നിയമിതരായിട്ടുണ്ട്. ആർഡിഒ ആണ് സബ് ഡിവിഷണൽ സെൻസസ് ഓഫീസർ. രാജ്യത്തെ പതിനാറാമത്തേതും സ്വാതന്ത്ര്യത്തിന് ശേഷം നടക്കുന്ന എട്ടാമത്തെയും സെൻസസാണ് 2027ലേത്.

സബ് കളക്ടർ ആൽഫ്രഡ് ഒ.വി, എഡിഎം നിർമ്മൽ കുമാർ ജി തുടങ്ങിയവർ പങ്കെടുത്തു.

date