Skip to main content

സൂര്യാതപം, സൂര്യാഘാതം താപാനുബന്ധ രോഗങ്ങള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധ വേണം-ആരോഗ്യ വകുപ്പ്

അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ  വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വെയിലേല്‍ക്കുന്നത് മൂലം ശരീരത്തില്‍ ഹീറ്റ്  റാഷ് ഉണ്ടാകുക, പേശിവലിവ്, താപശരീരശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നു.

പ്രായമുള്ളവര്‍, രക്തസമ്മര്‍ദ്ദം പോലെ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തിരക്കുള്ള ഇടങ്ങള്‍, ആഹാര പാനീയ ലഭ്യത ഇല്ലാതിരിക്കുക, നേരിട്ട് വെയില് ഏല്‍ക്കുക ഇവയൊക്കെ അപകടസാധ്യത കൂടിയവർക്ക്  താപാനുബന്ധ രോഗസാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടയാകുന്നു.

അമിതമായ വിയര്‍പ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവ താപശരീര ശോഷണത്തിന് പ്രാരംഭ ലക്ഷണങ്ങളാണ്. വിയര്‍പ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. എന്നാല്‍ അന്തരീക്ഷ താപം ഒരു പരിധിയില്‍ കൂടുകയോ കഠിനമായ വെയില്‍ നേരിട്ട്  ഏല്‍ക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം.

ശക്തി കുറഞ്ഞതും വേഗതയിലുമുള്ള  നാഡിയിടുപ്പ്, ശക്തിയായ തലവേദന, തലകറക്കം, ഉയര്‍ന്ന ശരീരോഷ്മാവ്, വറ്റിവരണ്ട ചുവന്ന ചര്‍മം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാത ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ചികിത്സ വേണ്ടിവരും. എത്രയും വേഗം ആശുപത്രിയില്‍ പോകേണ്ടതാണ്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തണുത്ത വെള്ളം കൊണ്ട് ദേഹം നനച്ച് തുടച്ച് തണുപ്പിക്കുക.

ജാഗ്രത നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

പകല്‍ 11 നും മൂന്നു മണിക്കും ഇടയിലുള്ള വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കുക. തൊഴില്‍ സാഹചര്യമായി ബന്ധപ്പെട്ട് വെയില്‍ ഏല്‍ക്കേണ്ടവര്‍ തൊഴില്‍ സമയം ക്രമീകരിക്കുക.

കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുഞ്ഞുങ്ങളെയോ വയോജനങ്ങളെയോ ഇരുത്തിയിട്ട്  മറ്റിടങ്ങളിലേക്ക് പോകരുത്. കുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് പാനീയങ്ങള്‍/തിളപ്പിച്ചാറിയ വെള്ളം കൊടുക്കുക.

കിടപ്പുരോഗികളില്‍ നിര്‍ജലീകരണം ഒഴിവാക്കുന്നതിന് ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കുക. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടായാല്‍ ഡോക്ടറുടെ സേവനം തേടുക. ഇരുചക്ര വാഹനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജോലിചെയ്യുന്നവര്‍ വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ഉള്ള എല്ലാ മുന്‍കരുതലുകളും കൃത്യമായി സ്വീകരിക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും വിശ്രമവും ഉറപ്പാക്കുക. പൊലീസ്  ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിര്‍ജലീകരണം ഒഴിവാക്കുക. ഇടയ്ക്കിടെ വിശ്രമിക്കുക. പൊതു പരിപാടികളും സമ്മേളനങ്ങളും പകല്‍ 11 മണിക്കും മൂന്നു മണിക്കും ഇടയില്‍ പരമാവധി ഒഴിവാക്കുക. തീ പിടിക്കുന്ന സാധ്യതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.പരീക്ഷകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് ശുദ്ധജലം ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. ഫാനുകള്‍ പ്രവര്‍ത്തന യോഗ്യമാണെന്ന് ഉറപ്പാക്കുക.

ജലനഷ്ടവും ലവണ നഷ്ടവും പരിഹരിക്കുക

ദാഹം തോന്നുന്നില്ലെങ്കിലും ഇടവിട്ട്  തിളപ്പിച്ചാറിയവെള്ളം കുടിക്കുക  . മദ്യം ചായ കാപ്പി കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കൃത്രിമ മധുര പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. വായു സഞ്ചാരം ഉറപ്പാക്കുന്നതിന് പകല്‍സമയം ജനാലകള്‍ തുറന്നിടുക.ഉപ്പിട്ട കഞ്ഞിവെള്ളം ,നാരങ്ങ വെള്ളം, കരിക്കിന്‍ വെള്ളം, ഒ.ആര്‍.എസ് തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുക. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍, കുട/ തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ധരിക്കുക.  വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോള്‍ അസ്വസ്ഥത തോന്നിയാല്‍ പെട്ടെന്ന് തണലിലേക്ക് മാറുകയും കാറ്റുകൊള്ളുകയും ചെയ്യുക .ധാരാളം വെള്ളം കുടിക്കുക.  കട്ടികൂടിയതും ഇറുകിയതുമായ വസ്ത്രങ്ങള്‍ അയച്ചിടുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക.

 വേനല്‍ക്കാല കളരികള്‍, കൂട്ടായ്മകള്‍ മറ്റ് ക്യാമ്പുകള്‍ എന്നിവ അനുയോജ്യമായ സമയത്ത് മാത്രം സംഘടിപ്പിക്കുക. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനമുണ്ടെന്ന് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ഉറപ്പാക്കേണ്ടതാണ്.

പാനീയ ശുചിത്വം ഉറപ്പാക്കുക

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം കുപ്പിയില്‍ എടുക്കാന്‍ മറക്കരുത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് ആഹാരം കഴിക്കുന്നതും പാനീയങ്ങള്‍ കുടിക്കുന്നത് വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ്. ജ്യൂസുകള്‍ ഐസ്‌ക്രീം തുടങ്ങിയവ ശുദ്ധജലത്തിലാണ് ഉണ്ടാക്കുന്നതെന്ന് ഉറപ്പാക്കുക. ഭക്ഷ്യയോഗ്യമായ ഐസ് ആണ് പാനീയങ്ങളില്‍ ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കുക

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

കുടിക്കാനായി ശേഖരിച്ചുവയ്ക്കുന്ന വെള്ളം അടച്ച് വൃത്തിയായി സൂക്ഷിക്കുക. വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍ വെള്ളം ശേഖരിക്കുന്നതിന് മുന്‍പ് കഴുകി വൃത്തിയാക്കുക. വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ ഇടയ്ക്കിടെ വശങ്ങള്‍ തേച്ചുരച്ച് കഴുകാന്‍ ശ്രദ്ധിക്കുക. പാത്രങ്ങള്‍ കഴുകാനും ശുദ്ധജലം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വീടുകളിലെ കിണറുകളില്‍ ക്ലോറിനേഷന്‍ ഉറപ്പാക്കുക.

date