ജില്ലയില്‍ 4017 കുട്ടികള്‍ എച്ച്.പി.വി. വാക്സിന് സ്വീകരിച്ചു
ഗര്‍ഭാശയഗള കാന്‍സറിനെ പ്രതിരോധിക്കാനുള്ള എച്ച്.പി.വി. വാക്സിന് ജില്ലയിലെ 4017 കുട്ടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ലോകാരോഗ്യ സംഘടനയും എന്‍.ടി.എ.ജി.ഐയും (National Technical Advisory Group on Immunization) പെണ്‍കുട്ടികള്‍ക്ക് നല്കാന് ശുപാര്‍ശ ചെയ്തിട്ടുള്ള വാക്സിനാണ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന് അഥവാ എച്ച്.പി.വി. (HPV) വാക്സിന്.
2006 മുതല്‍ വാക്സിന് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വളരെ സുരക്ഷിതമായി നല്കിവരുന്നു. കാന്‍സറിന് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) മൂലമുണ്ടാകുന്ന അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികള്‍ വാക്സിന് സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ സൃഷ്ടിക്കുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതില്‍ എച്ച് പി വി വാക്സിന് 90 ശതമാന ത്തിലധികം ഫലപ്രദമാണ്.
2026 ഫെബ്രുവരി 28 മുതല്‍ മൂന്ന് മാസ കാലയളവില്‍ (2026 മെയ് 31 വരെ ) ജില്ലയിലെ പി എച്ച് സി / സി എച്ച് സി / ടി എച്ച് ക്യൂ എച്ച് / ഡബ്ല്യു ആന്‍ഡ് സി തുടങ്ങിയ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിങ്കള്‍ മുതല്‍ ശനി വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വയസ്സ് തെളിയിക്കുന്ന രേഖയുമായി ആശുപത്രിയില്‍ നേരിട്ട് എത്തി വാക്സിന് സ്വീകരിക്കാവുന്നതാണ്.
മുന്‍കൂട്ടി ബുക്കിംഗ് ചെയ്ത് വാക്സിന് സ്വീകരിക്കാനുള്ള സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി U-WIN പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക. https://uwin.mohfw.gov.in/home എന്ന വെബ്സൈറ്റില്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്.
നിലവില്‍ 14 വയസ്സ് പൂര്‍ത്തീകരിച്ചതും മെയ് 31 വരെ 15 വയസ്സ് പൂര്‍ത്തിയായ 90 ദിവസം കഴിഞ്ഞ കുട്ടികള്‍ക്കും വാക്സിന് സ്വീകരിക്കാവുന്നതാണ്.
മേല്പറഞ്ഞ പ്രായത്തില്‍ ഉള്‍പ്പെടുത്തുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
- Log in to post comments