ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധ വാക്സിന് മെയ് 31 വരെ ലഭിക്കും
ജില്ലയില്‍ 7959 പെണ്‍കുട്ടികള്‍ വാക്സിന് സ്വീകരിച്ചു
ഗര്‍ഭാശയഗള ക്യാന്‍സർ പ്രതിരോധിക്കുന്നതിന് 14 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലൂടെ നല്കുന്ന എച്ച് പി വി വാക്സിന് മെയ് 31 വരെ ലഭ്യമാകും. ജില്ലയിലെ 23,512 കുട്ടികളില്‍ 7959 പേര് നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തി വാക്സിന് സ്വീകരിച്ചു. മെയ് 31 നുള്ളില്‍ വാക്സിന് നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ജില്ലയിലെ 112 ആരോഗ്യ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
14 വയസ് മുതല്‍ 15 വയസും മൂന്നു മാസവുമായ പെണ്‍കുട്ടികള്‍ക്ക് വരെ വാക്സിന് എടുക്കാം. വയസ് തെളിയിക്കുന്നതിന് ആധാര്‍ കാര്‍ഡ് പോലെയുള്ള ആധികാരിക രേഖകള്‍ ഉപയോഗിക്കാം. വാക്സിന് ലഭ്യമാകുന്ന തീയ്യതിയും സമയവും അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും മുന്‍കൂര്‍ മനസിലാക്കി മെയ് 31 നകം തന്നെ വാക്സിന് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.സി സച്ചിന് അറിയിച്ചു.
- Log in to post comments