"കൂട്ടിൻ ചിറക് കൈകോർക്കാം" അവധിക്കാല ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി
ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു
ജില്ലയിലെ വിവിധ ശിശു സംരക്ഷണ ഹോമുകളിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ടിയുള്ള "കൂട്ടിൻ ചിറക് കൈകോർക്കാം" അവധിക്കാല ത്രിദിന സഹവാസ ക്യാമ്പിന് മുണ്ടൂർ ഐ.ആർ.ടി.സിയിൽ തുടക്കമായി. ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ശിശു സംരക്ഷണ ഓഫീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുമായി സംവദിച്ച ജില്ലാ കളക്ടർ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭരായ വ്യക്തികൾ സെഷനുകൾ നയിക്കും. ഒറിഗാമി, യോഗ, പാട്ടുകൾ, കളികൾ, ശാസ്ത്രപരീക്ഷണങ്ങൾ, ബോധവൽക്കരണ-കരിയർ പ്ലാനിങ് ക്ലാസുകൾ, പക്ഷി നിരീക്ഷണം, ഹ്രസ്വചലച്ചിത്ര പ്രദർശനം, സർഗ്ഗാത്മക പ്രവർത്തനങ്ങൾ, വാനനിരീക്ഷണം, തുടങ്ങിയ വിവിധ സെഷനുകൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സി.ഡബ്ല്യു.സി ചെയർമാൻ എം സേതുമാധവൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ പ്രേംന മനോജ് ശങ്കർ, സി.ഡബ്ല്യു.സി മെമ്പർ കെ ജി എം ലിയോനാർഡ്, ഐ.ആർ.ടി.സി ഡയറക്ടർ ജെ സുന്ദരേശൻ പിള്ള, പ്രൊട്ടക്ഷൻ ഓഫീസർ ലിജ രാജ്, ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ അബ്ദുൾ റഹിമാൻ, സി.ഡബ്ല്യു.സി അംഗങ്ങളായ പി സത്യഭാമ, പി ദീപ, സൗമ്യ എലിസബത്ത് സെബാസ്റ്റ്യൻ, ആർ അപർണ നാരായണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
- Log in to post comments