ദിശ ആദ്യപാദ യോഗം ചേർന്നു
എറണാകുളം ജില്ലയിൽ നടപ്പിലാക്കി വരുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തുന്നതിനുള്ള ജില്ലാ വികസന കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി(ദിശ)യുടെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദ യോഗം ചേർന്നു. എറണാകുളം ഗവൺമെൻ്റ് ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിൽ നടന്ന യോഗത്തിൽ മെമ്പർ സെക്രട്ടിയും ജില്ലാ കളക്ടറുമായ ജി. പ്രിയങ്കയുടെ സാന്നിധ്യത്തിൽ ദിശ ജില്ലാ ചെയർമാൻ ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ വികസന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ജില്ല എക്കാലവും മുന്നിൽ തന്നെയുണ്ടാകണമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കാണമെന്ന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്കി.
ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കേരളത്തിൽ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിൽ ഗ്രാമീണ മേഖലയിലെ യുവതി യുവാക്കൾക്കായി നൈപുണ്യ പരിശീലനവും അതുവഴി തൊഴിലും ഉറപ്പാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അമൃത് മിത്ര 2.0 പദ്ധതിയിൽ ആലുവ നഗരസഭയിൽ ജവഹർലാൽ നെഹ്റു പാർക്ക് പരിപാലനം, വാട്ടർ അതോറിറ്റി മീറ്റർ റീഡിംഗ്, റവന്യൂ ബിൽ കളക്ഷൻ എന്നിവയ്ക്ക് അംഗികാരം ലഭിച്ചിട്ടുണ്ട്. പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നഗരസഭാതല സമിതി രൂപീകരിക്കുകയും ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ടെന്നും, പദ്ധതിയ്ക്കായി കുടുംബശ്രീ വഴി 20 പേരെയും നീയമിച്ചിട്ടുണ്ടെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
എം.ജി.എന്‍.ആര്.ഇ.ജി.എസ്, പി.എം.എ.വൈ (ഗ്രാമീണ്‍), ഡി.ഡി.യു.ജി.കെ.വൈ,പി.എം.ജി.എസ്.വൈ,എം.പി.എല്‍.എ.ഡി.എസ്, എൻ.യു..എൽ.എം തുടങ്ങി വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതലത്തിലുള്ള വിശദമായ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു.
യോഗത്തില്‍ അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ജൻ,എംഎൽഎ മാരായ ടോണി ചമ്മണി, ദീപക് ജോയ്, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments