കര്‍ഷകര്‍ക്ക് മികച്ച വിലയും വിപണിയും ഉറപ്പാക്കാന്‍ 'പ്രൊഡക്ടിവ് അലയന്‍സ്'; അപേക്ഷ ക്ഷണിച്ചു
കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് സുസ്ഥിരമായ വിപണിയും മികച്ച വിലയും ഉറപ്പാക്കുന്ന 'പ്രൊഡക്ടിവ് അലയന്‍സ്' പദ്ധതിയിലേക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന 'കേര' പദ്ധതിയുടെ ഭാഗമായാണ് അലയന്‍സുകള്‍ രൂപീകരിക്കുന്നത്. ചെറുകിട കര്‍ഷക കൂട്ടായ്മകളായ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളെയും, കാര്‍ഷിക വിളകള്‍ വന്‍തോതില്‍ വാങ്ങാന്‍ തയാറുള്ള പ്രമുഖ ദേശീയ-അന്തര്‍ദേശീയ ബിസിനസ് പങ്കാളികളെയും തമ്മില്‍ നേരിട്ട് കോര്‍ത്തിണക്കി വിപുലമായ വിപണി ശൃംഖല ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമാകുന്ന കര്‍ഷക കൂട്ടായ്മകള്‍ക്കും വാണിജ്യ കമ്പനികള്‍ക്കും ബിസിനസ് വിപുലീകരണത്തിനും ഉല്പാദന സഹായത്തിനുമായി ആകെ ചെലവിന്റെ 60 ശതമാനം തുക സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും. ഒരു പദ്ധതിക്ക് പരമാവധി രണ്ട് കോടി രൂപ വരെയാണ് ധനസഹായം ലഭിക്കുക. ഇതിനുപുറമേ മൂന്ന് വര്‍ഷത്തെ സൗജന്യ സാങ്കേതിക സഹായവും ലഭ്യമാക്കും.
കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഇരുനൂറിലധികം കര്‍ഷക അംഗങ്ങളും, പത്ത് ലക്ഷം രൂപ വാര്‍ഷിക വിറ്റുവരവുമുള്ള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്പന്നങ്ങള് വാങ്ങാന്‍ തയാറുള്ളതും, കുറഞ്ഞത് പത്ത് കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ളതുമായ കാര്‍ഷിക-കാര്‍ഷികേതര കമ്പനികള്‍, സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍, കയറ്റുമതിക്കാര്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് എന്നിവര്‍ക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവര്ക്ക് https://pa.kera.kerala.gov.in/auth/login വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള കൃഷി ഭവനുകളിലും തിരുവനന്തപുരം വഴുതക്കാട്ടുള്ള 'കേര' സംസ്ഥാന ഓഫീസിലും ലഭിക്കും. ഫോണ്‍: 9947474382.
- Log in to post comments