എസ്എസ്എൽസി: ഗവ. സ്‌കൂളിൽ സംസ്ഥാനത്ത് ഒന്നാമതായി കരിവെള്ളൂർ എ.വി സ്മാരക ഗവ. എച്ച്എസ്എസ്
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ ഒന്നാമത്
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ സർക്കാർ സ്കൂൾ വിദ്യാർഥികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒന്നാമതായി കരിവെള്ളൂർ എ.വി സ്മാരക ഗവ. എച്ച്എസ്എസ്.
സ്‌കൂളിലെ 115 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. നൂറിൽ കൂടുതൽ പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച സംസ്ഥാനത്തെ ഏക സർക്കാർ വിദ്യാലയം കൂടിയാണ്.
സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടുന്ന പൊതുവിദ്യാലയ വിഭാഗത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണം വെച്ച് സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തുമാണ് കരിവെള്ളൂർ എ.വി സ്മാരക ഗവ. എച്ച്എസ്എസ്. 27 പേർക്ക് ഒന്നൊഴികെ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
സ്കൂളിൽ പരീക്ഷ എഴുതിയ 395 വിദ്യാർത്ഥികളിൽ മുഴുവൻ പേരും ജയിച്ചു.
പിടിഎ, എസ്.എം.സി (സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി) കമ്മിറ്റികളുടെ അകമഴിഞ്ഞ പിന്തുണയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമവുമാണ് തിളക്കമേറിയ വിജയത്തിന് പിന്നിലെന്ന് പ്രധാനാധ്യാപകൻ ലക്ഷ്മണൻ. എം പറഞ്ഞു.
ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിലും സ്കൂൾ മുൻപന്തിയിലാണ്. എയർകണ്ടീഷൻ ചെയ്ത ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഈ സർക്കാർ സ്‌കൂളിലുള്ളത്.
കലാപ്രവർത്തനങ്ങളിലും ഉജ്ജ്വല നേട്ടങ്ങൾ സ്വായത്തമാക്കിയിട്ടുണ്ട്. തൃശൂരിൽ നടന്ന കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്കൂളിൽ നിന്ന് പങ്കെടുത്ത 58 വിദ്യാർത്ഥികളിൽ മുഴുവൻ പേരും എ ഗ്രേഡ് നേടി. കെ പ്രസാദ് പിടിഎ പ്രസിഡന്റും ടി. വി രാജൻ എസ്.എം.സി ചെയർമാനുമാണ്.
എസ്എസ്എൽസി പരീക്ഷക്കിടെ മരണപ്പെട്ട പത്താം ക്ലാസ്സ് വിദ്യാർഥി അൻവിത് നേട്ടങ്ങൾക്കിടയിലെ വേദനയായി. അഞ്ചു പരീക്ഷ എഴുതിയ ഈ വിദ്യാർഥിക്ക് നാല് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എ ഗ്രേഡും ലഭിച്ചു. ക്യാൻസർ മൂലം മരണപ്പെട്ട സഹപാഠിയുടെ വിയോഗത്തെ തുടർന്ന് എസ്എസ്എൽസി വിദ്യാർത്ഥികൾ സെന്റ്ഓഫ് വേണ്ടെന്നുവെക്കുകയും ആ തുക അൻവിതിൻ്റെ പേരിൽ ഏർപ്പെടുത്തുന്ന എൻഡോവ്മെന്റിന് നൽകുകയും ചെയ്തിരുന്നു.
- Log in to post comments