Skip to main content

ജില്ലാതല അറിയിപ്പുകള്‍

കേരള ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

കേരള ഫോക് ലോര്‍ അക്കാദമിയുടെ 2025 വര്‍ഷത്തെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കലണ്ടര്‍ വര്‍ഷമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ www.keralafolklore.org വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിശ്ചിത മാതൃകയില്‍ വേണം അപേക്ഷിക്കാന്‍. അപേക്ഷകന്റെ കലാരംഗത്തെ പരിചയം തെളിയിക്കുന്നതിനായി തദ്ദേശ സ്വയംഭരണസ്ഥാപന അധികാരിയുടെ സാക്ഷ്യപത്രം, ഒരു ജനപ്രതിനിധി, കലാകാരന്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനം, അനുഷ്ഠാന കലയാണെങ്കില്‍ ബന്ധപ്പെട്ട ആരാധനാലയം എന്നിവരില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ, കലാസംഘടനയോ അവാര്‍ഡിന് നിര്‍ദേശിക്കുകയാണെങ്കില്‍ കലാകാരന്റെ സമ്മതപത്രവും ഹാജരാക്കണം. കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങള്‍ (എഴുതി തയ്യാറാക്കിയ ബയോഡാറ്റ, കലാപ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരപത്രത്തിന്റെ പകര്‍പ്പ്, പ്രോഗ്രാം നോട്ടീസ്, പ്രോഗ്രാം ഫോട്ടോകള്‍) എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ആധാര്‍കാര്‍ഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. അക്കാദമിയുടെ ഏതെങ്കിലും പുരസ്‌കാരം ലഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ മറ്റൊരു പുരസ്‌കാരത്തിന് പരിഗണിക്കുകയുള്ളൂ.

ഫെല്ലോഷിപ്പ് - 65 വയസ്സ് പൂര്‍ത്തിയായവരും നാടന്‍ കലാരംഗത്ത് 30 വര്‍ഷത്തിലധികമായി ആചാര്യസ്ഥാനം അലങ്കരിക്കുന്നവരും മുന്‍വര്‍ഷങ്ങളില്‍ അക്കാദമിയുടെ ഏതെങ്കിലും അവാര്‍ഡിന് അര്‍ഹരായവരുമായ കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം.

അവാര്‍ഡ് - നാടന്‍ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 20 വര്‍ഷത്തെ കലാപ്രാവീണ്യമുള്ള 41 മുതല്‍ 65 വയസ്സ് വരെയുള്ള നാടന്‍ കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം.

ഗുരുപൂജ പുരസ്‌കാരം- 65 വയസ്സ് പൂര്‍ത്തിയാക്കിയവരും അക്കാദമിയുടെ പുരസ്‌കാരങ്ങളൊന്നും ലഭിച്ചിട്ടില്ലാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം.

യുവപ്രതിഭാ പുരസ്‌കാരം - നാടന്‍കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച യുവ നാടന്‍ കലാകാരന്മാര്‍ക്ക്' അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി 25 നും 40 നുമിടയില്‍.

കലാ പഠന-ഗവേഷണ ഗ്രന്ഥം - 2023, 2024, 2025 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട, നാടന്‍ കലകളെ ആധാരമാക്കി രചിക്കപ്പെട്ടതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായ പഠന ഗവേഷണ ഗ്രന്ഥങ്ങള്‍ അവാര്‍ഡിന് പരിഗണിക്കും.  ഗ്രന്ഥകാരന്മാര്‍ക്കും പുസ്തക പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ പരിഗണനയ്ക്ക് നല്‍കാം. വായനക്കാര്‍ക്കും മികച്ച ഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കാം. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പികളും അടക്കം ചെയ്യണം.

ഡോക്യുമെന്ററി പുരസ്‌ക്കാരം - നാടന്‍ കലകളെ ആധാരമാക്കി അരമണിക്കൂറില്‍ കവിയാത്ത, 2025 ജനുവരി മുതല്‍ ഡിസംബര്‍ വരെ നിര്‍മിക്കപ്പെട്ടിട്ടുള്ള ഡോക്യുമെന്ററികളാണ് പരിഗണിക്കുന്നത്. അപേക്ഷയോടൊപ്പം ഡോക്യുമെന്ററിയുടെ മൂന്ന് പെന്‍ഡ്രൈവുകളും പ്രസ്തുത കാലയളവില്‍ നിര്‍മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലവും സമര്‍പ്പിക്കണം.

അപേക്ഷകള്‍ ജൂണ്‍ 30 നുള്ളില്‍ സെക്രട്ടറി, കേരള ഫോക് ലോര്‍ അക്കാദമി, പി.ഒ ചിറക്കല്‍, കണ്ണൂര്‍ - 11 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 2778090.

ഉന്നതവിജയികള്‍ക്ക് പാരിതോഷികം

2025 -26 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും മക്കള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പാരിതോഷികം നല്‍കുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 10, 9, 8 എ പ്ലസ് ഗ്രേഡ് ലഭിച്ച കട്ടികള്‍ക്ക് യഥാക്രമം 5000,4000, 3000 രൂപ വീതം ലഭിക്കും. 2025-26 വര്‍ഷം കായിക, വിനോദ മത്സരങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കും പാരിതോഷികം നല്‍കും. സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി/ അനുബന്ധ മത്സ്യത്തൊഴിലാളി പാസ്ബുക്ക് പകര്‍പ്പ്, പഠിച്ച സ്‌കൂളില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, കുട്ടിയുടെ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെയ് 22നകം അതാത് ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കണം.

date