അവലോകന യോഗം ചേർന്നു
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും വിഴിഞ്ഞം തുറമുഖ പ്രദേശത്തെ പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും പ്രദേശവാസികളുടേയും സാമുദായിക നേതാക്കളുടേയും യോഗം ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്നു.
വിഴിഞ്ഞം തുറമുഖ പ്രദേശത്ത് ലൈറ്റുകൾ, സിസിടിവി ക്യാമറകൾ എന്നിവ പുനഃസ്ഥാപിക്കുക, ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കുക, കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക, ആംബുലൻസ് സേവനം ഉറപ്പാക്കുക, വാർഫിനകത്ത് റോഡുകൾ റീടാറിംഗ് ചെയ്യുക, ഹാർബർ വൃത്തിയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.
വാട്ടർ അതോ റിറ്റിയുടെ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്തെ പല സ്ഥലങ്ങളും കുഴിച്ചിട്ടിരിക്കുകയാണ്. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് ഇവ പൂർവ സ്ഥിതിയിലാക്കുക . വിഴിഞ്ഞം തുറമുഖ മേഖലയിലെ ഭിക്ഷാടനത്തിന് അറുതി വരുത്തുക, പ്രദേശത്ത് പെട്രോളിംഗ് ശക്തമാക്കുക, തീരശോഷണം തടയുന്നതിന് നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
ഓരോ മേഖലയിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും ഇതിന്റെ പുരോഗതി സമയബന്ധിതമായി വിലയിരുത്തുമെന്നും ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. എം.വിൻസെന്റ് എം എൽ എ, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments