ആറാട്ടുപുഴയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ ചില വാർഡുകളിൽ വയറിളക്കരോഗവും ഷിഗെല്ല അണുബാധയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ-ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രോഗവ്യാപനം പൂർണ്ണമായും നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനുമുള്ള മുൻകരുതൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും അവരിലേക്ക് രോഗം പടരാനുള്ള സാധ്യത പൂർണ്ണമായി ഒഴിവാക്കുന്നതിനുമായി ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 7, 9, 12, 13, 14, 15, 17 എന്നീ വാർഡുകളിലെ സ്കൂളുകളും അങ്കണവാടികളും തുറന്ന് പ്രവർത്തിക്കുന്നത് നീട്ടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് പരിഗണിച്ച് പഞ്ചായത്തിലെ ബന്ധപ്പെട്ട വാർഡുകളിലെ സ്കൂൾ തുറപ്പ്
ജൂൺ ഒന്ന് മുതൽ 15 ദിവസത്തേക്ക് നീട്ടിവെച്ച് ജില്ലാ കളക്ടർ ഷാജി വി. നായർ ഉത്തരവായി.
ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാനും ജില്ലാ കളക്ടർ പ്രദേശവാസികളോട് അഭ്യർത്ഥിച്ചു
- Log in to post comments