Skip to main content

കുരുന്നുകളെ വരവേറ്റ് ജില്ലാതല പ്രവേശനോത്സവം തുല്യതയുള്ള, സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കും: മന്ത്രി എന്‍. ഷംസുദ്ദീന്‍

വിവേചനങ്ങള്‍ ഇല്ലാത്ത, തുല്യതയുള്ള, സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിക്കും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍. പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പ്രവേശനോത്സവത്തില്‍ വീഡിയോ സന്ദേശം മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകള്‍ പഠനത്തിന് മാത്രമുള്ള ഇടമല്ലെന്നും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പറന്നുയരാനുമുള്ള ചുവടുവെപ്പുകളാണ് വിദ്യാലയങ്ങളില്‍ നിന്ന് ആര്‍ജിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ പ്രകടിപ്പിക്കാനും കുട്ടികള്‍ക്ക് കഴിയുന്ന ക്ലാസ് മുറികളിലാണ് മികച്ച വിദ്യാര്‍ഥികളും അധ്യാപകരും രൂപപ്പെടുന്നത്. പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനപ്പുറം കുട്ടികളുടെ ഉള്ളിലെ പ്രതിഭകളെ തിരിച്ചറിഞ്ഞ് ഒപ്പം നില്‍ക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണം. സാങ്കേതികവിദ്യ കോര്‍ത്തിണക്കി മികച്ച പഠനാന്തരീക്ഷം ഒരുക്കാനും ശ്രദ്ധിക്കണം. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് അവരുടെ ആത്മവിശ്വാസം തകര്‍ക്കരുത്. അവര്‍ക്ക് മികച്ച പിന്തുണ നല്‍കി അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും ചേര്‍ന്നുനില്‍ക്കണം. അത്യാധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് മുറികളോടെയാണ് വിദ്യാലയങ്ങള്‍ കുട്ടികളെ വരവേല്‍ക്കുന്നതെന്നും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകത്തിന് തന്നെ മാതൃകയാക്കി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാതല പ്രവേശനോത്സവ പരിപാടി വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. പഠനത്തിന് പുറമെ, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാകായിക രംഗത്തും മികവ് തെളിയിക്കാന്‍ വിദ്യാര്‍ഥിക്കളെ പ്രാപ്തരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നൈസര്‍ഗികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കണം. വ്യക്തിത്വവികസനം, സത്യസന്ധത, സല്‍സ്വഭാവം തുടങ്ങിയ മൂല്യങ്ങള്‍ വികസിപ്പിക്കുന്നതിന് മികച്ച വിദ്യാലയന്തരീക്ഷം സഹായിക്കുമെന്നും എം.പി ഓര്‍മിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എന്‍ സരിത അധ്യക്ഷയായി. ജില്ലാ കലക്ടര്‍ കെ സുധീര്‍ മുഖ്യാതിഥിയായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍ നവാഗതരെ സ്വീകരിച്ചു. സ്‌കൂള്‍ ലോഗോ പ്രകാശനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന്‍ നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ നിസാമുദ്ദീന്‍ പൊന്നംകോട്, വി കെ റഷീന, മണ്ണാര്‍ക്കാട് ഡി ഇ ഒ വി അനിത, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി ശശിധരന്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ പി അബൂബക്കര്‍, കെ എന്‍ കൃഷ്ണകുമാര്‍, കെ കെ മണികണ്ഠന്‍, പിടിഎ, എം പി ടി എ പ്രസിഡന്റുമാരായ പി ജയരാജന്‍, വിസ്മി ഷിന്റോ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി സന്തോഷ് കുമാര്‍, സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍പേഴ്‌സണ്‍ മാസ്റ്റര്‍ വി പ്രഫുല്‍ദാസ്, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date