മന്ത് രോഗ നിവാരണം സമൂഹ ചികിത്സ ജില്ലാതല ഉദ്ഘാടനം ഇന്ന്
ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായുള്ള സമൂഹ ചികിത്സാ പരിപാടി മാസ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അഥവാ എം.ഡി.എയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ അഞ്ച്) രാവിലെ പത്തിന് കൊടുവായൂര്‍ രാജാകുട്ടി ഓഡിറ്റോറിയത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശോഭന ജയപ്രകാശ് നിര്‍വഹിക്കും. കൊടുവായൂര്‍, നന്ദിയോട്, കുഴല്‍മന്ദം,പറളി, പഴമ്പാലക്കോട്, വടക്കഞ്ചേരി. ഹെല്‍ത്ത് ബ്ലോക്കുകളിലെ 41 പഞ്ചായത്തുകളിലും ചിറ്റൂര്‍ തത്തമംഗലം, ഒറ്റപ്പാലം, ചെര്‍പ്പുളശേരി എന്നീ മുന്‍സിപ്പാലിറ്റികളിലുമായി ജൂണ്‍ 20 വരെ യാണ് ജില്ലയില്‍ ചികിത്സാ പരിപാടി നടക്കുന്നത്.
മന്തുരോഗത്തിന് കാരണമാകുന്ന മൈക്രോഫൈലേറിയ വിരകള്‍ക്കെതിരെ സമൂഹത്തിലെ മുഴുവന്‍ ആളുകളും ഗുളിക കഴിച്ചു വിരസാന്ദ്രത കുറച്ച് നമ്മുടെ സമൂഹത്തില്‍ രോഗസംക്രമണം തടയുന്നതിനുള്ള പരിപാടിയാണ് എം.ഡി. എ. ചികിത്സാ പരിപാടി (എം.ഡി.എ.) യുടെ ഭാഗമായി നമ്മുടെ ശരീരത്തിലെ വിരകള്‍ നശിക്കുന്നതിനായി ഒരു ആല്‍ബന്റസോള്‍ ഗുളികയും മൈക്രോഫൈലേറിയ വിരകള്‍ നശിക്കുന്നതിനായി പ്രായമനുസരിച്ച് നിഷ്കര്‍ഷിച്ചിട്ടുള്ള അളവില്‍ 1 മുതല്‍ 3 ഡി.ഇ.സി. ഗുളികകളുമാണ് കഴിക്കേണ്ടത്. രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ ഒഴികെ എല്ലാവരും ആഹാരത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്. എം. ഡി എ ക്യാമ്പയിന് രീതിയിലാണ് സംഘടിപ്പിക്കുന്നത്
ആദ്യ ഘട്ടത്തില്‍ (ജൂണ്‍ അഞ്ച് മുതല്‍ പത്ത് വരെ) വീടുകള്‍തോറും മരുന്ന് വിതരണം ചെയ്തും പൊതുജന കൂട്ടായ്മകള്‍ സംഘടിപ്പിച്ചും പൊതുജനങ്ങള്‍ നേരിട്ട് മരുന്ന് കഴിച്ചെന്ന് ഉറപ്പാക്കും. രണ്ടാംഘട്ടത്തില്‍ (ജൂണ്‍ 10 മുതല്‍ 15 വരെ)
വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങള്‍ മരുന്ന് കഴിച്ചതായി ഉറപ്പാക്കുകയും, മരുന്ന് സ്വീകരിക്കാന്‍ വിസമ്മതിച്ചവരെയും വിട്ടുപോയ അംഗങ്ങളെയും ഉള്‍പ്പെടുത്തി വീണ്ടും സന്ദര്‍ശനം നടത്തി ഗുളിക കഴിച്ചെന്ന് ഉറപ്പാക്കും. മൂന്നാം ഘട്ടത്തില്‍
(ജൂണ്‍ 15 മുതല്‍ 20 വരെ )പരിപാടിയുടെ 100 ശതമാനം ജയം ഉറപ്പാക്കുന്നതിനായി മോപ്-അപ്പ് പ്രവര്‍ത്തനങ്ങളും ഫോളോ-അപ്പ് സന്ദര്‍ശനങ്ങളും നടത്തും. ഗൃഹസന്ദര്‍ശനം നടത്തിയും ജനങ്ങള്‍ കൂടുതലായി ഒത്തുചേരുന്നയിടങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ അല്ലെങ്കില്‍ പരിശീലനം ലഭിച്ച വൊളണ്ടിയര്‍മാര്‍ മരുന്ന് വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ റോഷ് ടി.വി അറിയിച്ചു .
- Log in to post comments