Skip to main content

*ട്രോളിങ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല യോഗം ചേർന്നു

ട്രോളിംഗ് നിരോധനം: നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ല; മറ്റ് ജില്ലകളിലെ ബോട്ടുകൾ ജില്ലയുടെ തീരം വിട്ടുപോകണം

ട്രോളിങ് നിരോധനം നടപ്പിൽ വരുന്ന ജൂൺ 09 ന് അർദ്ധരാത്രി മുതൽ ജില്ലയിൽ നിയമവിരുദ്ധ മത്സ്യബന്ധന രീതികൾ അനുവദിക്കില്ലെന്നും മറ്റ് ജില്ലകളിലെ ബോട്ടുകൾ ജില്ലയുടെ തീരം വിട്ടുപോകണമെന്നും അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്(എഡിഎം) ബി ജ്യോതി പറഞ്ഞു. ജൂൺ 09 മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി  ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. 
യോഗത്തിൽ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. നിരോധന കാലയളവിൽ തീരത്തു ട്രോളിങ് ബോട്ടുകൾ പ്രവർത്തിക്കാൻഅനുവദിക്കുകയില്ല. മറ്റ് ജില്ലകളിലെ ബോട്ടുകൾ ആലപ്പുഴ ജില്ലയുടെ തീരം വിട്ടുപോകുകയോ സുരക്ഷിതമായി ബെർത്ത് ചെയ്യുകയോ വേണം. വളർച്ച പൂർത്തീകരിക്കാത്ത മത്സ്യക്കുഞ്ഞുങ്ങളെ വിൽപ്പനക്കായോ വളത്തിനായോ പിടിക്കുന്നത് ശിക്ഷാർഹമാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
ട്രോളിങ് നിരോധന കാലയളവിൽ രക്ഷാപ്രവർത്തനത്തിന് രണ്ട് യന്ത്രവൽകൃത ബോട്ടുകൾ കായംകുളം ഹാർബർ, തോപ്പുംപടി ഹാർബർ എന്നിവ കേന്ദ്രമാക്കി പ്രവർത്തിക്കും. ഈ ബോട്ടുകളിലായി 8 ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ചെത്തി, തോട്ടപ്പള്ളി ഹാർബർ കേന്ദ്രീകരിച്ച് ഓരോ എഫ്.ആർ.പി. വള്ളങ്ങൾ കൂടി രക്ഷാപ്രവർത്തനത്തിന് വേണ്ടി സജ്ജമാക്കും. ഇതിൽ 10 സീ റെസ്ക്യൂ ഗാർഡ്മാരുടെ സേവനം ഉറപ്പുവരുത്തും. ട്രോളിംഗ് നിരോധനകാലയളവിൽ ഫിഷറീസ്, മറൈൻ എൻഫോഴ്‌സ്മെൻറ്, ഹാർബർ എഞ്ചിനീയറിംഗ്, പോലീസ് വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കും. 
തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം രണ്ട്  ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജീവനക്കാരെ നിശ്ചയിച്ച് ആരംഭിച്ചിട്ടുണ്ട്. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ 9447967155 നമ്പറിൽ അപകട വിവരങ്ങളും നിയമലംഘനങ്ങളും അറിയിക്കാം. അടിയന്തിര സാഹചര്യങ്ങളിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ  0477 2251103 എന്ന നമ്പറിലും ബന്ധപ്പെടാം. 
കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാർ കാർഡ്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവ കരുതണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ മത്സ്യത്തൊഴിലാളികൾ പാലിക്കണം. നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കുകയുള്ളു. പകർച്ച കാരിയർ അനുവദിക്കുന്നതല്ല. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികൾ അവരുടെ യാനത്തിന്റെ രജിസ്ട്രേഷൻ/ ലൈസൻസ് എന്നിവയുടെ പകർപ്പ് കൈവശം സൂക്ഷിക്കേണ്ടതാണ്.
മത്സ്യബന്ധന യാനങ്ങൾക്ക് സർക്കാർ നിഷ്‌കർഷിച്ച ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതാണ്. അതോടൊപ്പം മത്സ്യഫെഡ് അപകട ഇൻഷുറൻസ് അംഗത്വവും എടുക്കേണ്ടതാണ്.
എല്ലാ മത്സ്യബന്ധന യാനങ്ങളിലും ട്രാൻസ്പോണ്ടർ ഘടിപ്പിച്ചിക്കണം. യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും അർഹരായ പീലിംഗ് തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കും. മൺസൂൺകാല മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികൾ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ അറിയിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനും ജില്ലയിലെ 30 മൽസ്യഗ്രാമങ്ങളിൽ 50 ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചതായി ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി പ്രശാന്ത് പറഞ്ഞു. 2025-2026 കാലയളവിൽ 100 ഓളം രക്ഷാപ്രവർത്തനങ്ങൾ നടത്തി. അതുവഴി 940 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.   അനധികൃത മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന് 156 കടൽ പട്രോളിംഗുകൾ ഈ കാലയളവിൽ നടത്തിയതായും അദ്ദേഹം പറഞ്ഞു. 
തോട്ടപ്പള്ളി ഹാർബറിൽ രക്ഷാപ്രവർത്തനത്തിന് ബോട്ട് അടക്കമുള്ള സംവിധാനം അടിയന്തരമായി ഒരുക്കണം, പോർട്ടുകളിൽ സാനിറ്റേഷന് നടപടികൾ സ്വീകരിക്കണം, അന്യസംസ്ഥാന ബോട്ടുകളെ നിയന്ത്രിക്കാൻ കർശന നടപടി വേണം, കാരിയർ വള്ളങ്ങളുടെ കാര്യത്തിൽ ഇളവ് നൽകണം, രക്ഷാപ്രവർത്തനത്തിന് എയർ ആംബുലൻസ് സജ്ജമാക്കണം. റേഷനുപകരം തൊഴിൽനഷ്ട വേതനം നൽകണം, കാലാവസ്ഥാ മുന്നറിയിപ്പ് ഏരിയ സ്പെസിഫിക്ക് ആവണം തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ മൽസ്യത്തൊഴിലാളികൾ ഉന്നയിച്ചു. മത്സ്യബന്ധന മേഖലയിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ജനപ്രതിധികൾ, വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.  

date