കാട്ടുപന്നി ശല്യം തടയാൻ 'മൊബൈൽ ആപ്പ്'; അടിയന്തര പ്രതിരോധ നടപടികളുമായി ജില്ലാതല നിയന്ത്രണ സമിതി
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നു. കാട്ടുപന്നിശല്യം നേരിടുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ ആപ്പിന്റെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു.
'സർപ്പ' ആപ്പിന്റെ മാതൃകയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ഈ ആപ്പിലൂടെ രജിസ്റ്റർ ചെയ്തിട്ടുള്ള ഷൂട്ടർമാർക്ക് കാട്ടുപന്നിശല്യമുണ്ടാകുന്ന ഉടൻ അലർട്ട് സന്ദേശം ലഭിക്കും. സുരക്ഷ മുൻനിർത്തി വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ജാഗ്രതാ സമിതി കോർഡിനേറ്റർമാർ എന്നിവരുടെ ഫോൺ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തും. ആപ്പ് രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു.
സർക്കാരിന്റെ 100 ദിനകർമ്മപരിപാടി നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ തുടങ്ങാനും തീരുമാനമായി. അതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ കൂടുതൽ ഷൂട്ടർമാരെ ഉൾപെടുത്തിയുള്ള പാനൽ രൂപീകരിക്കും. ഷൂട്ടർമാരുടെ കുറവ് പരിഹരിക്കാൻ ഇതിലൂടെ സാധിക്കും. വന്യമൃഗങ്ങൾ താവളമാക്കുന്ന പൂട്ടിയിടപ്പെട്ട എസ്റ്റേറ്റുകളും പുരയിടങ്ങളും വൃത്തിയാക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും കൊണ്ടുവരും. ഇതിനായി സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള ഇത്തരം സ്ഥലങ്ങൾ കൃത്യമായി മാപ്പ് ചെയ്യും. മലയോര മേഖലകളിലെ തോട്ടങ്ങളിൽ വന്യമൃഗങ്ങൾക്ക് ഒളിച്ചിരിക്കാൻ പാകത്തിൽ വളർന്നുനിൽക്കുന്ന അടിക്കാടുകൾ വെട്ടിമാറ്റുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കും.
കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്ത് തല പ്രാദേശിക റെസ്‌പോൺസ് ടീമുകൾ രൂപീകരിച്ച് പരിശീലനം നൽകും.മേൽനോട്ടത്തിനായി പഞ്ചായത്ത് തലത്തിൽ ഫോറസ്റ്റ് ലെയ്‌സൺ ഓഫീസർമാരെ നിയോഗിക്കും.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ജില്ലയിൽ ആകെ 1,658 കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്. തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുളള കണക്കിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ കാട്ടുപന്നികളെ കൊന്നൊടുക്കിയത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് രണ്ടാമതും തിരുവനന്തപുരം കോർപ്പറേഷൻ മൂന്നാമതുമാണ്.
കാര്യവട്ടം കാമ്പസിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന പരാതിയിൽ, അവയെ വെടിവെച്ച് കൊല്ലാൻ കോർപ്പറേഷനും അടിക്കാടുകൾ വെട്ടിത്തെളിക്കാൻ സർവകലാശാല അധികൃതർക്കും കളക്ടർ നിർദേശം നൽകി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ തുടർന്ന് മാറ്റിവെച്ച കോർപ്പറേഷൻ കൗൺസിലർമാർക്കുള്ള പ്രത്യേക ബോധവൽക്കരണ പരിപാടി പുനരാരംഭിക്കാനും വന്യജീവിശല്യം പ്രാദേശികമായി ചർച്ച ചെയ്യുന്നതിനായുള്ള ജനജാഗ്രതാ സമിതികളുടെ യോഗം, കൃത്യമായ ഇടവേളകളിൽ ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്താനും തീരുമാനമായി.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ജില്ലാതല നിയന്ത്രണ സമിതി കൺവീനറുമായ എ.ഷാനവാസ്, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments