യുവാക്കളുടെ മാനസികാരോഗ്യത്തിനായി 'അൺഫിൽട്ടേർഡ്; ഒന്നാം സീസൺ സമാപിച്ചു
യുവാക്കളുടെ മാനസികാരോഗ്യവും വൈകാരിക ക്ഷേമവും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും 'ലെറ്റ്സ് ലിവ്' എൻ.ജി.ഒയും സംയുക്തമായി സംഘടിപ്പിച്ച 'അൺഫിൽട്ടേർഡ്' പദ്ധതിയുടെ ഒന്നാം സീസൺ സമാപിച്ചു. കളക്ടറേറ്റിൽ നടന്ന സമാപന ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി, സബ്കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേഷ് എന്നിവർ പങ്കെടുത്തു.
യുവതലമുറയ്ക്ക് മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കാനും സഹായം തേടാനുമുള്ള സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിച്ച തുറന്ന ചർച്ചകളും ബോധവൽക്കരണ പരിപാടികളും വഴി ആദ്യ സീസണിൽ ഏഴ് സ്ഥാപനങ്ങളിലായി അഞ്ഞൂറിലധികം വിദ്യാർത്ഥികളിലേക്ക് പദ്ധതിയുടെ സന്ദേശമെത്തിക്കാൻ കഴിഞ്ഞു.
'ലെറ്റ്സ് ലിവ്' സ്ഥാപക ഡയറക്ടറും പ്രോഗ്രാം ലീഡറുമായ ഷെറിൻ നൂർദീന്റെ നേതൃത്വത്തിൽ ദേവനന്ദ ആർ.എച്ച്., ആസിയ എ.എസ്.,ഹാഷ്മ, സുരഭി എസ്. എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്. യുവാക്കളുടെ മാനസികാരോഗ്യവും ക്ഷേമവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
- Log in to post comments