Skip to main content

പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം അപേക്ഷകര്‍. വൈഫൈ സംവിധാനമുള്ള കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായി സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായി സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ജില്ലയില്‍ സ്ഥിരതാമസം ഉള്ളവരായിരിക്കണം അപേക്ഷകര്‍. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപ്രകാരം അയോഗ്യതയില്ലെന്നു തെളിയിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അഭിമുഖസമയത്ത് ഹാജരാക്കണം.  പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍  വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഐഡന്റിറ്റി തെളിയിക്കാനായി ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ പകര്‍പ്പ്, മുന്‍പ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കില്‍ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.  ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2026 ജൂണ്‍ 20-ന് പകല്‍ 5 മണി വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, ഇടുക്കി-685603 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. തപാലിലോ നേരിട്ടോ അപേക്ഷ നല്‍കാം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 233036

date