Skip to main content

നിപ്പ ഭയം വേണ്ട, ജാഗ്രതയും പ്രതിരോധവും വേണം- ജില്ലാ മെഡിക്കൽ ഓഫീസർ

നിപ്പ വൈറസിനെതിരെ ഭയം വേണ്ടെന്നും ജാഗ്രതയും പ്രതിരോധവുമാണ് ആവശ്യമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
നിപ്പ വൈറസിന്റെ   പകർച്ചാ സാധ്യതയും മരണസാധ്യതയും പരിഗണിച്ച് നിപ്പക്കെതിരെ അതീവ ജാഗ്രത പാലിക്കണം.  നിപ്പാ വ്യാപന സാധ്യത കണക്കിലെടുത്ത് സെപ്റ്റംബർ വരെ അതിജാഗ്രത ഉറപ്പിക്കേണ്ടതുണ്ട്.

നിപ്പ വൈറസ് സഹജമായി വവ്വാലുകളിൽ നിലനിൽക്കുന്നുണ്ട്. പ്രജനനകാലത്തും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന സമയത്തും കൂടുതൽ വവ്വാലുകൾ  കൂട്ടമായി താമസിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉമിനീര് , വിസർജ്യങ്ങൾ എന്നിവയിലൂടെ വൈറസ് പുറന്തള്ളാനുള്ള സാധ്യത കൂടുതലാണ്. പഴങ്ങളുടെ കൂടുതലായുള്ള ലഭ്യത, വവ്വാലും മനുഷ്യനും തമ്മിൽ സമ്പർക്കത്തിലാകാനുള്ള സാഹചര്യങ്ങൾ എന്നിവ നിപ്പ രോഗസാധ്യതയ്ക്ക് ഇടയാക്കുന്നു.

മനുഷ്യൻറെ ആരോഗ്യം പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിൽ അധിഷ്ഠിതമാണ്. ഏകാരോഗ്യ ആശയത്തിൽ അധിഷ്ഠിതമായ രോഗപ്രതിരോധ ശീലങ്ങൾ നിപ്പക്കെതിരെ പാലിക്കുക.

 നമ്മുടെ ആവാസ വ്യവസ്ഥയുടെ ഭാഗമായ വവ്വാലുകളെ ഉപദ്രവിക്കരുത്. വവ്വാലുകൾ കൂട്ടമായുള്ള മരങ്ങളിലേക്ക് കല്ലെറിഞ്ഞും ശബ്ദം ഉണ്ടാക്കിയും മറ്റും വവ്വാലുകളെ പ്രകോപിപ്പിക്കരുത്. വവ്വാലുകൾ ചേക്കേറിയ മരങ്ങൾ നശിപ്പിക്കരുത്.
വവ്വാലുകൾ ചേക്കേറുന്ന മരങ്ങളുടെ പരിസരത്തെ സമ്പർക്കം ഒഴിവാക്കുക.
വവ്വാലുകൾ കൂടുതലുള്ള മരച്ചുവടുകളിൽ വിശ്രമിക്കുക, വസ്ത്രങ്ങൾ ഉണക്കുക എന്നിവ ഒഴിവാക്കുക. വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തുമൃഗങ്ങളെ മേയാൻ അനുവദിക്കരുത്. വവ്വാലോ മറ്റേതെങ്കിലും ജീവികളോ കടിച്ചുകളഞ്ഞ / കടിച്ചിട്ട പഴങ്ങൾ കഴിക്കരുത്. താഴെ വീണു കിടക്കുന്ന പഴങ്ങൾ കഴിക്കരുത്.

 പഴങ്ങൾ നന്നായി ഉപ്പ്/മഞ്ഞൾ ലായനിയിൽ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. കഴിവതും തൊലി കളഞ്ഞ ശേഷം ഉപയോഗിക്കുക. പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങൾ, വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടായാൽ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

പക്ഷിമൃഗാദികളുടെ ശരീരസ്രവങ്ങൾ, വിസർജ്യം എന്നിവ കലരാത്ത വിധം ഭക്ഷണപദാർത്ഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സുരക്ഷിതമായി സൂക്ഷിക്കുക .
താഴെ വീണു കിടക്കുന്ന അടയ്ക്ക , പുളി, കശുവണ്ടി തുടങ്ങിയവ ശേഖരിക്കുമ്പോൾ കൈയ്യുറ ധരിക്കുക. ശേഷം കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക .

വളർത്തു മൃഗങ്ങളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തതിനു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നത് ശീലമാക്കുക .
തെങ്ങ്, പന എന്നിവയിൽ പാത്രങ്ങൾ തുറന്നുവെച്ച് ശേഖരിക്കുന്ന നീര/ കള്ള് എന്നിവ കുടിക്കരുത്. ഇത്തരത്തിൽ തുറന്നിരിക്കുന്ന പാനീയങ്ങൾ വവ്വാലുകൾ കുടിക്കാനും ഇവയിൽ ഉമിനീരും വിസർജ്യവും കലരാനും മറ്റും സാധ്യതയുണ്ട്.

ചത്തുകിടക്കുന്ന പക്ഷികളെയോ മൃഗങ്ങളെയോ സ്പർശിക്കരുത്.
പനി, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, ജന്നി ,കഠിനമായ തലവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date