Skip to main content
..

പോളിയോ വാക്സിനേഷന്‍: ജില്ല പൂര്‍ണ സജ്ജമെന്ന്  ജില്ലാകലക്ടര്‍

 
പള്‍സ് പോളിയോ വാക്സിനേഷന് ജില്ല പൂര്‍ണ സജ്ജമെന്ന് ജില്ലാ കലക്ടര്‍. പോളിയോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ ചേമ്പറില്‍ ചേര്‍ന്ന ഇന്റര്‍ സെക്ടറല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന്  ജൂണ്‍ 28 ന് നല്‍കുമെന്നു അറിയിച്ചു.
ജില്ലയിലെ 1,27,375 കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി. വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി നിശ്ചിത ബൂത്തുകളിലൂടെ വാക്‌സിനേഷന്‍ നടത്തും.  1,755 ബൂത്തുകള്‍ പ്രവര്‍ത്തിപ്പിക്കും. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഐസിഡിഎസ്, വിദ്യാഭ്യാസ വകുപ്പ്, ഐ എം എ, ഐ എ പി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കും.  
ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങള്‍, കുടിയേറ്റ ജനവിഭാഗങ്ങള്‍  എന്നിവരിലെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയാകും മരുന്ന് നല്‍കുക.   നിര്‍മാണ മേഖലകള്‍, തൊഴിലാളി താമസ കേന്ദ്രങ്ങള്‍, നഗര-ഗ്രാമ പ്രദേശങ്ങളിലെ കുടിയേറ്റ ജനവിഭാഗങ്ങളുടെ താമസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും   പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. 

 
ഗര്‍ഭാശയഗള കാന്‍സര്‍  വ്യാക്‌സില്‍  ജൂലൈ 31 വരെ സ്വീകരിക്കാം

ഹ്യൂമന്‍ പാപിലോമ വൈറസ് ( ഗര്‍ഭാശയഗള കാന്‍സര്‍ ) തടയുന്നതിന് 14 മുതല്‍ 15 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് 4000 രൂപ വിലയുള്ള വാക്സിന്‍ ജില്ലയില്‍ സൗജന്യമായി നല്‍കുന്നു. ആരോഗ്യവകുപ്പ്  പ്രതിനിധികള്‍ സ്‌കൂളുകളിലെത്തി നടത്തുന്ന പരിപാടിക്ക്   വേണ്ട പ്രചരണം നടത്തുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.

 
വയറിളക്കത്തിനെതിരെയും ക്യാമ്പയിന്‍

സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ സംഘടിപ്പിക്കും. വ്യക്തി ശുചിത്വം ഉള്‍പ്പെടെ ആരോഗ്യശീലങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍, ഒ.ആര്‍.എസ് വിതരണം എന്നിവ ഉറപ്പാക്കും. പൊതുജനപങ്കാളിത്തം ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യ, ആയുഷ്, ഹോമിയോ, തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, ഐസിഡിഎസ്, പോലീസ്, കെഎസ്ഇബി, പി ആര്‍ ഡി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date