കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ സൗജന്യം: ജില്ലാ കലക്ടര്‍
അഞ്ചു വയസുവരെ പ്രായമുള്ള കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ സൗജന്യമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അഞ്ച് വയസ്സിലും 15 വയസിലും ചെയ്യേണ്ട നിര്‍ബന്ധിത ബയോമെട്രിക്പുതുക്കല്‍ 2026 സെപ്റ്റംബര്‍ വരെ എല്ലാ ആധാര്‍കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.
നവജാതശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡും ഉപയോഗിച്ച് പുതിയ ആധാര്‍ എടുക്കാം. ഈ പ്രായത്തിലുള്ള കുട്ടികളുടെ വിരലടയാളമോ കൃഷ്ണമണി രേഖയോ ശേഖരിക്കില്ല. കുട്ടികള്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസമില്ലാതെ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എടുക്കണം. അഞ്ചു വയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കണം. അഞ്ചു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സെപ്റ്റംബര്‍ വരെ ഈ സേവനം സൗജന്യമാണ്. കൃത്യസമയത്ത് ബയോമെട്രിക്‌വിവരങ്ങള്‍ പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാനിടയുണ്ട്.
സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍കാര്‍ഡില്‍ പേര്‌ചേര്‍ക്കല്‍, സ്‌കൂള്‍/കോളജ് പ്രവേശനം, അപാര്‍ (APAAR), ഡിജിലോക്കര്‍ എന്നിവയ്ക്കും നീറ്റ്, ജെ.ഇ.ഇ, കീം തുടങ്ങിയ മത്സരപരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും ആധാര്‍വിവരങ്ങള്‍ കൃത്യമായിരിക്കേണ്ടതുണ്ട്. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരും ഇ-മെയിലും നിലവില്‍ ഉപയോഗിക്കുന്നവ തന്നെയെന്ന് ഉറപ്പുവരുത്തണം. പുതിയ ആധാര്‍ എടുക്കുന്നതിനും പുതുക്കുന്നതിനുമായി അക്ഷയകേന്ദ്രങ്ങളെയോ അംഗീകൃത ആധാര്‍കേന്ദ്രങ്ങളെയോ സമീപിക്കാം. വിശദവിവരങ്ങള്‍ക്ക് : 1800-4251-1800 (ടോള്‍ ഫ്രീ), 0471-2335523 എന്നിവയിലോ കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ ആധാര്‍ സെക്ഷനുമായോ (04712525442) ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇ-മെയില്‍:uidhelpdesk@kerala.gov.in
- Log in to post comments