ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡ്; തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍ ജില്ലയില്‍ ഒന്നാമത്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളുടെ 2026 ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍, തലശ്ശേരി ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂള്‍, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി ചമ്പാട് ചോതാവൂര്‍ ഹൈസ്‌കൂള്‍ (ചൊക്ലി), കുടിയാന്‍മല മേരി ക്വീന്‍സ് ഹൈസ്‌കൂള്‍ (ഇരിക്കൂര്‍), കൊട്ടിയൂര്‍ ഐ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ഇരിട്ടി), മുണ്ടേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (കണ്ണൂര്‍ നോര്‍ത്ത്), പെരളശ്ശേരി എ.കെ.ജി.എസ്. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (കണ്ണൂര്‍ സൗത്ത്), കൊട്ടില ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (മാടായി), ശിവപുരം ഹൈസ്‌കൂള്‍ (മട്ടന്നൂര്‍), പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (പാപ്പിനിശ്ശേരി), പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ (പയ്യന്നൂര്‍), മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (തലശ്ശേരി നോര്‍ത്ത്), ചിറക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (തലശ്ശേരി സൗത്ത്), തളിപ്പറമ്പ് സര്‍ സയ്യിദ് ഹൈസ്‌കൂള്‍ (തളിപ്പറമ്പ് നോര്‍ത്ത്) എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 40000, 30000, 20000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ ട്രോഫിയും പ്രശംസാപത്രവും സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു.
തിരുവനന്തപുരം കേരള നിയമസഭ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വെച്ച് നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ ജില്ലാതല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. ഡി സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സി ഇ ഒ കെ. അന്‍വര്‍സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments